Home

പാവ

Sunil Kumar
Sunil Kumar
CE
1995

ഫേസ് ബുക്കിൽ നിന്നാണ് ഞാൻ  ഇന്ന് സുമിക്കുട്ടിയുടെ പിറന്നാൾ ആണെന്ന് അറിഞ്ഞത്.

ഉടന്‍ അഫ്‌സലിനെ വിളിച്ച്, മോളുടെ പിറന്നാളായിട്ട് എന്താ പരിപാടി എന്നന്വേഷിച്ചു. വൈകിട്ട് ഒരു പാർട്ടി  തരാം എന്നവൻ ഏറ്റു. ആരെയൊക്കെ വിളിക്കണം എന്നൊരു ലിസ്റ്റ് പെട്ടെന്നുണ്ടാക്കാനും പറഞ്ഞു. എന്നാല്‍പ്പിന്നെ അതുകഴിഞ്ഞു മതി ഇന്ന് ഇനി പണി എന്ന് തീരുമാനിച്ചു. കൂടെപ്പഠിച്ച ഒരുപാടുപേർ ഇവിടെ ജോലി ചെയ്യുന്നുണ്ട്…

വൈകിട്ട് ഒരു ഗിഫ്റ്റുമായി പാർട്ടിഹാളിൽ ചെല്ലാൻ ഞാൻ  മനസ്സിൽ തീരുമാനിച്ചു. പകൽ നേരം ഗൾഫിലെ ചൂടിൽ സൈറ്റിൽ നിൽക്കുമ്പോഴും വൈകുന്നേരം ഗിഫ്റ്റുമായി സുമിക്കുട്ടിയുടെ ബര്ത്ഡേ പാർട്ടി  നടക്കുന്ന ഹാളിൽ കടന്നുചെല്ലുന്ന ചിന്തകളായിരുന്നു.

സുഹൃത്തിന്റെ മകളാണെകിലും ദൂരെ നാട്ടിലുള്ള സ്വന്തം മകളെ ഓർക്കും അവളെ കാണുമ്പോളൊക്കെയും…

 വൈകുന്നേരം  പണിക്കാരെയും  അയാളെയും  സൈറ്റിൽ നിന്ന് ഓഫീസിലേക്ക് കൊണ്ടുപോകാൻ ശരീഫ് ഭായ് വാനുമായി വന്നു. അയാൾ പാക്കിസ്ഥാനിയാണ്… ശത്രുരാജ്യത്തിലെ പഞ്ചാബി കശ്മലൻ…
ജാഗ്രതയോടെ ഇരിക്കണം.

എങ്കിലും അയാൾക്ക് എന്നെ ഇഷ്ടമാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്, ചില ദിവസങ്ങളിൽ അയാൾ ഭാര്യ ഉണ്ടാക്കിയ അധികം മസാല ഇല്ലാത്ത പാക്കിസ്ഥാനി ബിരിയാണി എനിക്ക് കൊണ്ടുതരാറുണ്ട്. മറ്റു ചിലപ്പോൾ കമ്പനി അറിയാതെ ചില സ്വകാര്യയാത്രകൾക്കും  അയാൾ വണ്ടിയുമായി  വരും…

ഏതു രാജ്യക്കാരനായാലും മനുഷ്യനല്ലേ എന്ന് ചിലപ്പോൾ ഞാൻ അറിയാതെ ചിന്തിച്ചു പോകും. അടുത്ത നിമിഷം തന്നെ എന്റെ  ഉള്ളിലുറങ്ങുന്ന  രാജ്യസ്‌നേഹി എന്നെ  തിരുത്തും:
“ശത്രുരാജ്യവും, അവിടത്തെ പ്രജകളും ശത്രുക്കൾ തന്നെ, ഇത് നീ വിശ്വസിച്ചേ പറ്റൂ “ 
രാജ്യസ്നേഹി എന്റെ ഉള്ളിലിരുന്ന്  ഉള്ളിലിരുന്ന് മുരണ്ടു 

വാനിലെ പാസ്സിഞ്ചർ സീറ്റിൽ ഇരുന്ന് കണ്ണടച്ചുകൊണ്ട് സീറ്റിലേക്ക് ചാഞ്ഞു,
“എന്തൊരു ചൂടാണിവിടെ?”  ഞാൻ മനസ്സിൽ പറഞ്ഞു,
പഴയ വാനാണെങ്കിലും ശീതീകരണയന്ത്രം അടിപൊളി. വണ്ടി ഘടികാരക്കട കടന്നു പ്രധാന റോഡിൽ കയറി 

2
മധ്യപൗരസ്ത്യദേശത്തെ  പുതിയ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പ്രസിഡന്റ് 
അറബിയിൽ ജനങ്ങളോട് നടത്തുന്ന യുദ്ധസ്ഥിരീകരണ സന്ദേശം  റേഡിയോവിലൂടെ കേട്ടു;
കുറച്ചു കഴിഞ്ഞപ്പോൾ അതിന്റെ മലയാള പരിഭാഷയും .

 അഞ്ചേ മുക്കാലിന് ഓഫീസിന്റെ പരിസരത്തു വാൻ നിന്നു. എല്ലാവരും ചാടിയിറങ്ങി, ഇവിടെ വച്ചു തൊഴിലാളർ വെള്ളയും നീലയും രണ്ടായിപ്പിരിഞ്ഞ് വേറെ വേറെ ബസ്സിൽ കയറും.
ഒരു കൂട്ടർ ലേബർക്യാമ്പിലേക്കും, സ്റ്റാഫ്, നഗരത്തിൽ പല മേഖലകളിൽ അവർ താമസിക്കുന്ന സ്ഥലങ്ങളിലേക്കും പോകും. പക്ഷെ, അതിനു ഇനിയും കാത്തിരിക്കണം, ആറുമണിയാകും. ഒന്നുരണ്ടു സൈറ്റുകളിൽ നിന്നുകൂടി വണ്ടികൾ വരാനുണ്ട് 

ഓഫീസിനു മുന്നിലെ കഫെറ്റീരിയയിൽ നിന്ന് ഒരു ചായ കുടിക്കാനുള്ള സമയമുണ്ട്. ലിപ്റ്റൻ ചായബാഗ് ഗ്ലാസിൽ മുക്കി ചായയുടെ കടുപ്പം കൂട്ടുന്ന  ബീഹാറുകാരനായ മുകേഷ് ഭായിയെ ഞാനൊന്ന് പാളിനോക്കി,
പാവം മുകേഷ് ഭായിയെ ഇന്ന് ഞാൻ അശ്ളീലഭാഷയിൽ ചീത്ത പറഞ്ഞു... എന്തിനും ഒരു സഹായിയായി നിൽക്കുന്ന മനുഷ്യനാണ്...
അങ്ങനെയുള്ളവരെയല്ലേ എളുപ്പം അപമാനിക്കാൻ കഴിയൂ?
എന്തോ അയാൾ  ചെയ്ത ഒരു കാര്യം ഇഷ്ട്ടപ്പെട്ടില്ല, ചീത്തവിളിച്ചു.

“ബിഹാരി ബിമാരി“ എന്ന് തലേന്ന് ബാറിൽ ഇരിക്കുമ്പോൾ ഡെൽഹിക്കാരനായ സുഹൃത്ത് പറഞ്ഞു തന്നതും, പിന്നെ, പണിക്കാർ നിലവാരമില്ലാത്തവരാണെന്നും നമ്മുടെ ചെറിയ  ദൗർബല്യങ്ങൾ പോലും മുതലാക്കാൻ അവർക്ക് അസാധ്യമായ കഴിവാണെന്നും, അവരോട് ഒരിക്കലും നന്നായി പെരുമാറരുത് എന്നും, അവരെ വിരട്ടിനിർത്തണമെന്നും ഫോണിലൂടെ കഴിഞ്ഞയാഴ്ച ഉപദേശിച്ച പഴയ ഗൾഫുകാരനായ അമ്മാവന്റെ ഉപദേശവും  സ്വാധീനിച്ചിരിക്കണം .

എന്തായാലും മുകേഷ് ഭായുടെ മുഖം പെട്ടെന്ന് വിവർണ്ണമായി. വേണ്ടിയിരുന്നില്ല എന്ന് തോന്നിയെങ്കിലും സംഭവം കയ്യീന്നു പോയിക്കഴിഞ്ഞു.

ഇതിനേക്കാൾ മോശം ഒരു ചീത്ത അയാളെ വിളിക്കാനില്ല. ഹിന്ദി ഭാഷ എനിക്ക് വളരെ അധികം വഴങ്ങും എന്ന് മുകേഷ് ഭായിക്ക് മനസ്സിലായിക്കാണും... ഞാൻ ഇത്രക്ക് സംസ്കാരമില്ലാത്തവനാണെന്നും...

പ്രായശ്ചിത്തം ചെയ്യണമെന്ന് ആ നിമിഷം തന്നെ മനസ്സ് പറഞ്ഞുവെങ്കിലും മുഖത്തെ ശൗര്യഭാവം നിലനിർത്താൻ പരമാവധി ശ്രദ്ധിച്ചു. അപ്പോൾത്തന്നെ ഈ ചായ വാങ്ങിക്കൊടുക്കാൻ മനസ്സിലുറപ്പിച്ചിരുന്നു. ചായ ഊതിക്കുടിക്കുമ്പോൾ മുകേഷ് ഭായ് എന്നെ നോക്കി  നിഷ്കളങ്കമായി ചിരിച്ചു.
ഒരു കൊള്ളിയാൻ പോലത്തെ ചിരി.

ഓഫീസിൽ നിന്ന് സ്റ്റാഫിനെ കയറ്റിയ വണ്ടി ആറുമണിക്കേ പുറപ്പെടൂ… പാർട്ടിക്ക് ഇനിയും സമയമുണ്ട്... റൂമിലെത്തിക്കഴിഞ്ഞ് അധികം വൈകാതെ പുറപ്പെട്ടാൽ വൈകിട്ട് പിറന്നാൾ പാർട്ടിക്ക് സമയത്തെത്താം. താമസ സ്ഥലത്തുനിന്ന് നടക്കാവുന്ന ദൂരത്താണ് പാർട്ടിഹാൾ.

പക്ഷെ സഹിക്കാനാവാത്ത ചൂടാണ് പുറത്ത്. ടാക്സിയിൽ തന്നെ പോകാം, താമസസ്ഥലത്തിനടുത്തു ബസ്സിറങ്ങുമ്പോൾ ഞാൻ ഓർത്തു , 
3
ഷെയറിങ്  അക്കോമഡേഷനിൽ ആരും എത്തിയിട്ടില്ല. പെട്ടെന്ന് കുളിച്ചു റെഡിയായി 

താമസിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ തന്നെ ഒരു ടോയ് ഷോപ്പുണ്ട്. കഴിഞ്ഞ വർഷം  നാട്ടിൽ പോയപ്പോൾ മകൾക്ക് കളിപ്പാട്ടങ്ങൾ വാങ്ങിച്ചത് അവിടെനിന്നാണ്.

ഷോപ്പിന്റെ ഉടമയെ അറിയും. വൈകുന്നേരങ്ങളിൽ അയാൾ കടയിലേക്ക് കയറിപ്പോകുന്നത് കണ്ടിട്ടുണ്ട്, ഞാൻ ജോലി കഴിഞ്ഞു വരുന്ന സമയമാകും അത്, പലപ്പോഴും ഫുട് പാത്തിൽ നിന്ന് ലോഹ്യം പറയും . 
മിസ്രി1യാണ്; നല്ല മനുഷ്യൻ.

ബിൽഡിംഗ് സ്റ്റെയർകേസ് ഓടിയിറങ്ങി ഞാൻ പിറന്നാള്‍ സമ്മാനം വാങ്ങാനായി കടയിലേക്ക് കയറി. അവിടെ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല.

കടയുടമ ടീവിയിൽ അറബിയിലുള്ള വാർത്തകൾ ശ്രദ്ധിച്ചിരുന്നു. ഇടയ്ക്കിടെ “ഇറാൻ” “ഇസ്രായേൽ” എന്നൊക്കെ കേൾക്കുന്നുണ്ട്. സംഘർഷ വാർത്തയാവും.

വർഷം രണ്ടുമൂന്നായിട്ടും താൻ അറബി പഠിച്ചിട്ടില്ല എന്ന് ഞാനോർത്തു…
എന്റെ കുറ്റമല്ല; അവസരം കിട്ടിയിട്ടില്ല...

ഇത്തവണ അയൽക്കാരായ അറബ് രാജ്യങ്ങളും ബോംബ് ഭീഷണി നേരിടുന്നുണ്ട്. കരുതിയിരിക്കണമെന്ന് ഗവണ്മെന്റ് എല്ലാവരോടും റേഡിയോയിപ്പോടെ ജാഗ്രതപ്പെടുത്തിയത് റഷീദ് ഭായുടെ വാനിൽ സൈറ്റിൽ നിന്ന് ഓഫീസിലേക്ക് മടങ്ങുമ്പോൾ കേട്ടിരുന്നത് ഞാൻ ഓർത്തു .

രണ്ടുമൂന്നു കളിപ്പാട്ടങ്ങളുമായി ഒരു അറബ് യുവതിയും മകനും ബില്ല് അടയ്ക്കുവാനായി കൗണ്ടറിലേക്ക് നടന്നടുക്കുന്നതു കണ്ട മിസ്രി യുദ്ധവാർത്തകൾ പറയുന്ന ടീവിയിൽ നിന്ന് കണ്ണെടുത്തു. അപ്പോഴാണ് അയാൾ കടയിലേക്ക് കയറിവന്ന എന്നെ കണ്ടത്. 
“ കൈസാ ഹൈ ഭായ്, മുല്ലൂക് ജാ റഹാ ഹൈ ക്യാ?“2 അയാൾ ഹിന്ദിയിൽ തപ്പിത്തടഞ്ഞു 
“നഹി ഹൈ യാർ, ആജ് ഏക് ബർത്ഡേ പാർട്ടി ഹൈ, ഗിഫ്റ് ദേനാ ഹൈ ബച്ചി കോ”3, ഞാൻ മിസ്രിയെ നോക്കി ചിരിച്ചു .
കളിപ്പാട്ടങ്ങളുമായി അടുത്തെത്തിയ അമ്മയും മകനും അവ കൗണ്ടർ ഡെസ്കിൽ വെച്ചു. മിസ്രി അവ ഓരോന്നായി എടുത്തു വില സ്കാൻ ചെയ്യാൻ തുടങ്ങി.

ടീവി യിൽ നിന്ന് അപ്പോഴും “ഇറാൻ” “ഇസ്രായേൽ“ എന്നൊക്കെ കേൾക്കാം. ഞാൻ ടോയ്‌സ് അടുക്കി വെച്ചിരുന്ന ഒരു റാക്കിനു  മുന്നിൽ നിന്നു. വിവിധ വർണ്ണങ്ങളിലും രൂപങ്ങളിലും ഉള്ള കളിപ്പാവകൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് തട്ടുകളിൽ ഇരുന്നു. ഏത് എടുക്കണം എന്നുള്ള ആശയക്കുഴപ്പത്തിലായി  ഞാൻ…

ബാർബി ഡോൾ പോലുള്ള പാവകൾ സുമിക്കുട്ടിക്കു കുറെ ഉണ്ട്. ഞാൻ കണ്ടിട്ടുണ്ട്. മറ്റെന്തെങ്കിലും ആയിരുന്നെങ്കിൽ നല്ലത്  എന്ന് ഞാൻ മനസ്സിൽ ആഗ്രഹിച്ച് ആശയക്കുഴപ്പത്തോടെ റാക്കുകളിൽ ഇരുന്ന പാവകളെ നോക്കി. ഒരു റാക്കിൽ ചാരിയിരുന്നു ചിരിക്കുന്ന ഒരു റ്റെഡി ബിയർ ഡോളിൽ എന്റെ കണ്ണുടക്കി, സോഫ്റ്റ് ഡോൾ ആണ്.

4
ഇതുമതി… മനസ്സ് പറഞ്ഞു.
ഒരു വികടന്‍ കരടിക്കുട്ടൻ…
പാവയെ റാക്കിൽ നിന്ന് എടുത്തു ഞാൻ മിസ്രിയെ നോക്കി.
“യെ ഥോഡാ ഗിഫ്റ് പാക്ക് കർക്കേ ദേനാ ജി“4
അയാൾ കൗണ്ടറിലെ സ്വന്തം ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് എന്റെ അരികിലെത്തി പാവ വാങ്ങി സ്കാനറിൽ ബില്ലടിച്ചിട്ട് ഒരു ബോക്സിൽ പാവ വെച്ച് വർണ്ണക്കടലാസു കൊണ്ടു മനോഹരമായി പൊതിഞ്ഞു.

അയാള്‍ ഫോണില്‍ ആരോടോ സംസാരിക്കുകയായിരുന്നു. ഞാന്‍ അടുത്തുചെന്നപ്പോള്‍ ഫോണിന്റെ സ്ക്രീന്‍ എനിക്കു നേരെ നീട്ടി.

"ബേട്ടി ഹേ", അയാള്‍ പറഞ്ഞു. കിന്നരിപ്പല്ലുകളുള്ള ഒരു സുന്ദരിക്കുട്ടി. അവളെക്കണ്ടതും ഞാന്‍ എന്റെ മകളെ ഓര്‍ത്തു. ലോകത്ത് എല്ലാ കുട്ടികളും എല്ലാവരുടെയും മക്കളല്ലേ?

ഹാപ്പി ബര്ത്ഡേ എഴുതിയ ഒരു സ്റ്റിക്കറും, അതിൽ ഒരു റോസാപ്പൂവും മനോഹരമായി പിൻ ചെയ്തു വെച്ചിട്ട് പാവ എനിക്കു നേരെ നീട്ടി.  ഞാൻ അതുമായി പുറത്തിറങ്ങി. പുറത്തേക്കുള്ള വാതിൽ പിന്നിൽ അടയുമ്പോഴും ടീവിയിൽ “ഇറാൻ” “ഇസ്രായേൽ“ എന്നീ വാക്കുകൾ തുടരെത്തുടരെ കേൾക്കാം.

പുറത്തു റോഡിൽ ഇറങ്ങിയ ഞാൻ അധികം അകലെയല്ലാതെ ബസ് സ്റ്റോപ്പിലേക്ക് നടന്നു. കൈ കാണിക്കുന്ന ടാക്സികൾ, പാർക്കിങ് ഇല്ലാതെ വണ്ടി നിർത്തില്ല. വഴിനീളെ കൈ കാണിക്കുന്നതിലും നല്ലത് അവിടെ ചെന്നിട്ട് കൈകാണിക്കുന്നതാണ്.

ബസ്റ്റോപ്പിൽ കുറച്ചു ആളുകൾ ബസ് കാത്തു നിൽപ്പുണ്ട്. വളരെ കുറച്ചുദൂരം നടന്ന ഞാൻ അവിടെയെത്തുമ്പോഴേക്കും വിയർത്തു കുളിച്ചു. എ സി ബസ്റ്റോപ്പിൽ കയറിനിന്നു ദേഹം തണുപ്പിക്കണോ എന്നുപോലും തോന്നിപ്പോയി.

മൂന്നുനാലു ശ്രമങ്ങൾക്ക് ഒടുവിലാണ് ഉദ്ദേശിച്ച സ്ഥലത്തേക്ക് ഒരു ടാക്സി കിട്ടിയത്. പോകേണ്ട സ്ഥലം ചോദിച്ച അയാൾ വണ്ടിയുടെ ഡോർ ലോക്ക് തുറന്നു. പാവയും അടുക്കിപ്പിടിച്ചു ഞാൻ മുൻസീറ്റിൽ ഇരുന്നു. വണ്ടി അടുത്ത ജംങ്ഷനിൽ വലത്തോട്ട് തിരിയാനായി ഇൻഡിക്കേറ്റർ ഇട്ടു.

പെട്ടെന്ന്…
പിന്നിൽ വലിയൊരു സ്ഫോടനശബ്ദം കേട്ട് ഞാൻ പിന്നിലേക്ക് നോക്കി.
ഞാൻ താമസിക്കുന്ന കെട്ടിടവും മിസ്രിയുടെ കടയും തകർന്നു കിടക്കുന്നു.
പല കെട്ടിടങ്ങളും തകർന്നിട്ടുണ്ട്.
ചുറ്റും പൊടിയും തീയും…


<<<>>>

1    മിസ്രി = ഈജിപ്ഷ്യൻ
2    എന്തൊക്കെയുണ്ട്? നാട്ടിൽ പോകുന്നുണ്ടോ?
3    ഇല്ല സുഹൃത്തേ, ഇന്ന് ഒരു ബർത്ഡേ പാർട്ടിയുണ്ട്, ഒരു സമ്മാനം കൊടുക്കണം അവൾക്ക്
4    ഇതൊന്ന്  ഗിഫ്റ് പാക്ക് ചെയ്‌തു തരാമോ?

WhatsApp