Home

ഫിക്സഡ് ഡിപ്പോസിറ്റ്

Rajan Azhikodan
Rajan Azhikodan
CE
1989

രാവിലെ സവാരിയൊക്കെ കഴിഞ്ഞ് വീട്ടിൻ്റെ മുന്നിലെ വരാന്തയില്‍ ഇരുന്ന് നേർത്ത ശബ്ദത്തിൽ പഴയ മലയാള ഗാനം കേൾക്കുന്നോടൊപ്പം പത്രം വായിച്ചുക്കൊണ്ടിരിക്കുന്ന എനിക്ക് ഒരു ഫോൺ കോൾ.

 

“ഹലോ.. രാജേട്ടനല്ലേ?”

 

“അതെ.”

 

“ഞാൻ പ്രസാദാണ്. മനസ്സിലായോ?”

 

“മനസ്സിലായി. നമ്മുടെ കോൺട്രാക്ടറല്ലേ?”

 

“അതെ. ഒരു സന്തോഷവർത്തമാനമുണ്ട്.”

 

“എന്താണ്?”

 

“ചിലവ് വേണം. ഒരു ആറര ലക്ഷത്തിൻ്റെ ലോട്ടറിയാണ്.”

 

ഞാൻ ഒന്ന് പതുക്കെ ഞെട്ടിയെങ്കിലും മനസ്സ് പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതിനാൽ ആ നിമിഷം തന്നെ കാര്യം മനസ്സിലാക്കി വച്ചു, എൻ്റെ ഏതോ വർക്കിനുവേണ്ടി കെട്ടിവച്ച സെക്യൂരിറ്റി ഡിപ്പോസിറ്റ് ആയിരിക്കുമെന്ന്.

 

“ചിലവ് വേണം.”

 

“ആവാമല്ലോ! കാര്യം പറയൂ…”

 

“നിങ്ങളുടെ സെക്യൂരിറ്റി ഡിപ്പോസിറ്റ് കാലാവധി കഴിഞ്ഞ് കിടക്കുകയാണ്.”

 

കാലാവധി കഴിഞ്ഞുവോ?

 

ഞാൻ ഓർത്തില്ല. എന്നിരുന്നാലും കുഴപ്പമൊന്നുമില്ല. ട്രഷറിയിൽ ഫിക്സഡ് ഡിപ്പോസിറ്റ് ആയതിനാൽ പലിശയൊക്കെ കിട്ടും. നഷ്ടമൊന്നും വരില്ല.

 

“ഞാൻ കാലാവധി ആയത് ഓർത്തില്ലായിരുന്നു. അഞ്ച് വർഷമല്ലേ സെക്യൂരിറ്റി കാലാവധി?”

 

“അത് ഇപ്പോൾ ചെയ്യുന്ന വർക്കിനാണ്. നിങ്ങൾ ആ വർക്ക് ചെയ്യുന്ന സമയത്ത് മൂന്ന് വർഷമാണ് ഗാരൻഡി പിരീഡ്.”

 

എന്നാൽ പത്തിരുപത് മാസം അതിക്രമിച്ചു കഴിഞ്ഞിട്ടുണ്ട്.

 

“ഞാൻ നാളെ തന്നെ പോയി വാങ്ങാം.”

 

സെക്യൂരിറ്റി സംഖ്യ വാങ്ങേണ്ടവിതവും വഴിയുമൊക്കെ എനിക്ക് അറിയാമെങ്കിലും ആവേശത്തിൽ പ്രസാദ് വിശദമായി പറഞ്ഞു തന്ന് ഫോൺ വച്ചു. എനിക്ക് അടുത്ത രണ്ടു ദിവസങ്ങളിൽ പി ഡബ്ല്യു ഡി ആപ്പീസിൽ പോകുവാൻ പറ്റിയില്ല. രണ്ടു ദിവസങ്ങൾക്ക് ശേഷം വീണ്ടും ഒരു ഫോൺ കോൾ വരുന്നു.

 

“ഹലോ ഇത് രാജനല്ലേ?”

 

“അതെ.”

 

മറുവശത്ത് ഒരു സ്ത്രീ…

 

“നിങ്ങളുടെ വർക്കിൻ്റെ സെക്യൂരിറ്റി പിരീഡ് കഴിഞ്ഞിട്ട് കാലം കുറെയായി. ഇവിടെ വച്ചാൽ നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റ് റസീറ്റ് ഗവൺമെൻ്റ് ഫയൽപോലെ മൂല ചുരുണ്ട് ഉണങ്ങി പിരിഞ്ഞ് പപ്പടം പൊട്ടുന്നതുപോലെ പൊട്ടും. പിന്നീട് ഡിപ്പോസിറ്റ് എടുക്കാൻ പറ്റിയെന്നുവരില്ല.”

 

തമാശ കലർന്ന, എന്നാൽ ഒട്ടും ഗൗരവത്തിന് കോട്ടം തട്ടാതെ അവർ സംസാരിച്ചു ഫോൺ വച്ചു.

 

ആദ്യമായിട്ടാണ് ഗവൺമെൻ്റിൽ കെട്ടിവച്ച പൈസ നിങ്ങൾക്ക് വേണ്ടേ എന്ന് ചോദിക്കുന്നത്!

സാധാരണ ഉദ്യോഗസ്ഥർക്ക് വാങ്ങി വെക്കുവാൻ മാത്രമാണ് താല്പര്യം. കൊടുക്കുവാൻ താല്പര്യം കാണില്ല. കാലം മാറിയോ എന്ന് ചിന്തിച്ചുപ്പോയി. അവരുടെ നല്ല മനസ്സിന് ഞാൻ സ്തുതിപാടി . ഇത്തരത്തിലും സർക്കാർ സർവ്വീസിൽ ആളുണ്ടല്ലോ എന്നോർത്തുപോയി.

 

സമൂഹം ആരേയും നല്ല ഗണത്തിൽ കാണാറില്ല ആരെക്കുറിച്ചും നല്ലത് പറയാറുമില്ല. 

ആയിരത്തിൽ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതും നല്ലതും, ഒന്ന് മോശവുമാണെങ്കിൽ മുഴുവൻ മോശത്തിലാണ് അറിയപ്പെടുക. തൊള്ളായിരത്തിതൊണ്ണൂറ്റി ഒമ്പതും മോശവും ഒന്ന് നല്ലതും  ആണെങ്കിലും മോശത്തിൽ തന്നെ അറിയപ്പെടുന്നു!

 

പോസിറ്റീവായി ചിന്തിക്കുന്നവരും പോസിറ്റീവ് കാഴ്ചപാടുള്ളവരും ഇന്നത്തെ തിരക്കിനിടയിലും വളരെ വിരളമാണ്.

 

സത്യം ഒന്നേയുള്ളൂ. അത് ചിന്തിച്ചുറപ്പിക്കേണ്ടതല്ല. പക്ഷേ മോശം ചിന്തകൾ ചിന്തിച്ചുറപ്പിച്ചു വച്ചില്ലെങ്കിൽ നാളെ കള്ളനായി മാറാൻ എളുപ്പമാണ്. എന്നിട്ടും ഇത്രയും ജീവിതത്തിരക്കിനിടയിലെ ബുദ്ധിമുട്ടുകൾക്കിടയിലും മനുഷ്യർ നല്ലതിൻ്റെ വഴി നടക്കാതെ മോശത്തിൻ്റെ വഴി തേടുന്നത് എന്തുകൊണ്ടാണ്?

 

മനുഷ്യൻ സ്വാർത്ഥരായതു കാരണമല്ലേ!!

 

ഞാൻ അന്നുതന്നെ ഓഫീസിൻ പോയി എൻ്റെ ഫിക്സഡ് ഡിപ്പോസിറ്റ് കൈപ്പറ്റിയതായി എഴുതിക്കൊടുക്കുകയും, ഒരു ദീർഘനിശ്വാസത്തോടെ ആ സ്ത്രീയോട് നന്ദി പറഞ്ഞ് വാങ്ങുകയും ചെയ്തു. മോശമല്ലാത്ത സംഖ്യയാണ് കൈവശം വന്നിരിക്കുന്നത്.

 

ഏതൊരു മനുഷ്യന്റെയും സുന്ദരമായ സ്വപ്നങ്ങളിൽ ഒന്നാണ്  കുറച്ചുകാശ് ഫിക്സഡ് ഡിപ്പോസിറ്റായി ബേങ്കിൽ നിക്ഷേപിക്കുക എന്നുള്ളത്. അതുപോലെ ഞാനും ഒരു ഫിക്സസ് ഡിപ്പോസിറ്റിനായി ആശിച്ചിരുന്ന കാലമുണ്ടായിരുന്നു.

 

എന്തിനാണ് ഫിക്സഡ് ഡിപ്പോസിറ്റ്?

 

നാമൊക്കെ അവശരാകുമ്പോഴുള്ള ഒരു സൂക്ഷിപ്പാണ്  ഈ ഫിക്സഡ് ഡിപ്പോസിറ്റ്.

എങ്ങനെയെങ്കിലും ഒരു അഞ്ച് ലക്ഷം സമ്പാദിക്കുക; അതിന് ശേഷം ആ തുക ഉണ്ടാക്കിത്തരുന്ന പലിശ വച്ച് സുഖലോലുപനായി ഒരു പണിയും എടുക്കാതെ കഴിയുക എന്നതായിരുന്നു എൻ്റെ ഫിക്സഡ് ഡിപ്പോസിറ്റിൻ്റെ ചിന്ത.

 

പിന്നീട് കാലങ്ങൾ കഴിഞ്ഞപ്പോൾ ജീവിതം എന്തെന്ന് മനസ്സിലാക്കി തുടങ്ങിയപ്പോൾ മനസ്സിലായി ഈ ഫിക്സഡ് ഡിപ്പോസിറ്റുകൊണ്ട് ഒരു കാര്യവുമില്ലെന്ന്. 

 

അന്നന്നത്തെ അന്നത്തെക്കുറിച്ചോര്‍ത്ത് വേവലാതിപ്പെടുന്നവനാണ്‌ സമാധാനത്തോടെ കഴിയുന്നവര്‍ എന്നാണ് എൻ്റെ വിശ്വാസം. അതായത് ദിവസ കൂലിവേലക്കാർ.

മറ്റുള്ളവരൊക്കെ വേവലാതിയിലാണ്. സംമ്പാദ്യസംരക്ഷണ വേവലാതിയിൽ.

 

ഇന്ന് സുരക്ഷിതമാണെന്ന തോന്നല്‍ ഉണ്ടായിക്കഴിഞ്ഞലാണ്‌ നാളെ ഇങ്ങനെ തന്നെയാവുമോ എന്ന ചിന്ത ഉടലെടുക്കുന്നത്. അത് നാമ്പിട്ടാല്‍പ്പിന്നെ ഇന്നുള്ളത് അനുഭവിക്കാൻ കഴിയുകയില്ലെന്ന് മാത്രമല്ല, സന്തോഷവും ഉണ്ടാകില്ല. നിധി കാക്കുന്ന ഭൂതത്തെപ്പോലെ അമിതഭാരം കെട്ടിപിടിച്ച് നാം ജീവിതം അലക്ഷ്യമായി മുന്നോട്ട് നയിക്കുകയാണ് ചെയ്യുക.

ജീവിതം മധുരമായി അനുഭവിക്കുവാനുള്ളതാണെന്നറിയണം. നമ്മുടെ ആവശ്യങ്ങൾ ആശങ്കകള്‍ക്ക് വഴിമാറിയാല്‍ പിന്നെ കൂടുതൽ വേണമെന്ന ചിന്ത നമ്മെ യാന്ത്രികതയിലേക്ക് നയിക്കും.

 

ജ്ഞാനപ്പാനയിൽ ഇതിന് നല്ല വരികളുണ്ട്:

"പത്തുകിട്ടിയാൽ നൂറുമതിയെന്നും

ശതമാകിൽ സഹസ്രം മതിയെന്നും

ആയിരം പണം കൈയ്യിലുണ്ടാകുമ്പോൾ

ആയുതമാകിലാശ്ചര്യമെന്നതും

ആശയാലുള്ള പാശമതിങ്കേന്നു

വേറിടാതെ കരേറുന്നു മേൽക്കുമേൽ."

 

ഫിക്സസ് ഡിപ്പോസിറ്റ് ചെയ്തവർ ഭൂരിഭാഗവും ഫിക്സഡ് ഡിപ്പോസിറ്റ്  ഉപയോഗിക്കാറില്ല എന്നതാണ് വിചിത്രമായ കാര്യം.  അവർക്ക് ഫിക്സഡ് ഡിപ്പോസിറ്റ് ഉപയോഗിക്കുക എന്നു പറഞ്ഞാൽ മരണത്തിന് സമാനമാണ്. അതുകൊണ്ട് കാലാവധി കഴിഞ്ഞാലും വീണ്ടും വീണ്ടും അത് ഫിക്സഡ് ഡിപ്പോസിറ്റായി തന്നെ മാറുന്നു.

 

ഏറ്റവും കൂടുതൽ ഫിക്സഡ് ഡിപ്പോസിറ്റ് ഉള്ളത് സർക്കാർ ഉദ്യോഗസ്ഥന്മാരിൽ ആണ്. അലെങ്കിൽ മറ്റൊരു വിധത്തിൽ പറഞ്ഞാൽ ശമ്പളക്കാർക്കാണ്. ഇത്തരം ഡിപ്പോസിറ്റുകൾ അവർക്കൊരിക്കലും ഉപകാരപ്രദമാകാറില്ല എന്നതാണ് സത്യം. കാരണം ഇവരുടെ പെൻഷൻ തുക തന്നെ. അവരുടെ പെൻഷൻ സംഖ്യപോലും ആർക്കും കൊടുക്കാതെ, തിന്നാതെ, കുടിക്കാതെ ഫിക്സഡ് ഡിപ്പോസിറ്റായി മാറ്റിക്കൊണ്ടിരിക്കുന്നവരുമുണ്ട്.

 

ബിസിനസ്സുകാർ ഒരിക്കലും ഫിക്സഡ് ഡിപ്പോസിറ്റിനെ ആശ്രയിക്കാറില്ല. അവര്‍ക്ക് അത് ബിസിനസ്സില്‍ നിക്ഷേപിക്കാതെ തരമില്ല. അതിൻ്റെ വരും വരായ്കകൾ അവർ ആസ്വദിക്കുകയും ചെയ്യും. അത് നഷ്ടപ്പെടാത്തിടത്തോളം അതിൻ്റെ പ്രസരിപ്പും തേജസ്സും അവരുടെ മുഖത്ത് പ്രതിഫലിക്കുകയും ചെയ്യും. എന്നാൽ ഭൂരിഭാഗം ഡിപ്പോസിറ്റുകാരുടെ മുഖവും ഒരിക്കലും പ്രസരിപ്പില്ലാത്തവയാണ്.

 

എന്നും ആരോഗ്യത്തിൻ്റെ മുകളിലാണ് അവരുടെ ശ്രദ്ധ. അധികം ഭക്ഷണം കഴിച്ചാൽ അസുഖം വരുമെന്ന പലവിധ മുൻധാരണകൊണ്ട് അവർക്ക് തിന്നാനും കുടിക്കാനും കഴിയില്ല. ഭക്ഷണം കഴിച്ചാൽ സമ്പാദ്യത്തിൻ്റെ തോത് കുറയുമെന്ന കാരണത്താൽ അരക്ക് തോർത്ത് മുറുകെ കെട്ടുകയും, എന്നിട്ട് മുറി വൈദ്യൻ്റെ ഉപദേശങ്ങളെ വാഴ്ത്തി സ്വയം നിർവൃതിയടയുകയും ചെയ്യുന്നവരുണ്ട്. ഇവർക്ക് ഭക്ഷണം കഴിക്കണം എന്നൊക്കെ ഉണ്ടാകും പക്ഷേ ആരോഗ്യഭയത്താൽ സാധിക്കാറില്ല. പക്ഷേ അതിനു പണം ചെലവാക്കിയാല്‍ നാളെ അത് തന്റെ നിക്ഷേപങ്ങളെ ബാധിക്കുമോ എന്ന ഭയം കാരണം ആ ആഗ്രഹങ്ങളെ അടക്കി അരബുദ്ധന്മാരായി ജീവിക്കുകയാണ്‌.

 

ഫിക്സഡ് സിപ്പോസിറ്റുക്കാർ ഭൂരിഭാഗവും ഫിക്സഡ് ഡിപ്പോസിറ്റിൻ്റെ ഒരു കടലാസും മക്കളുമായോ ഭാര്യയുമായിപ്പോലുമോ പങ്കിടുവാൻ താല്പര്യം കാണിക്കുകയുമില്ല  എന്നതാണ്‌ വിചിത്രമായ മറ്റൊരു യാഥാര്‍ത്ഥ്യം. ആരെങ്കിലും കണ്ടു കഴിഞ്ഞാൽ വേവലാതിയായി. ഭയമായി. കുറച്ചു കഴിഞ്ഞാൽ ഇവർ അൽഷിമേഴ്‌സിന്‌ അടിമയാകുകയും ഒന്നും ഓർമ്മയില്ലാതാവുകയും ചെയ്യും...

 

പലരുടെയും മക്കളൊക്കെ വിദേശങ്ങളിൽ ആയതിനാൽ ഇവരുടെ നിസ്സാര പൈസ അവർക്ക് വേണ്ടാതായി വരും. ചിലപ്പോൾ അതിനെ അവർ അവഗണിക്കുകയും ചെയ്യും. ചിലർ ഇതിൽ നിന്ന് വിപരീതമാണെങ്കിലും, ബഹുഭൂരിഭാഗം രക്ഷിതാക്കളുടെയും ഫിക്സഡ് ഡിപ്പോസിറ്റ് മക്കൾ അറിയുന്നില്ല. ഇത്തരം ആളില്ലാത്ത ഡിപ്പോസിറ്റുകള്‍ റിസർവ് ബേങ്കിൽ ലക്ഷക്കണക്കിന് കോടികളാണെന്ന് അറിയണം.

 

ചലാൻ പൈസയടച്ച് ഇരിക്കുമ്പോഴാണ്  വൃദ്ധദമ്പതികളുടെ വരവ്. നടക്കുവാനും സംസാരിക്കുവാനും അവർ വളരെ അധികം കഷ്ടപ്പെടുന്നുണ്ട്. വയസ്സായി തുടങ്ങുമ്പോൾ സ്വപ്നങ്ങൾക്കും മോഹങ്ങൾക്കും പിറകെ പോകാതായി തുടങ്ങുമെന്നും പറയും പക്ഷേ അതു ശരിയല്ല. സ്വപ്നങ്ങൾക്കും മോഹങ്ങൾക്കും പുറകെ പോകാതിരിക്കുമ്പോഴാണ് മനുഷ്യന് വയസ്സായി തുടങ്ങുക.

 

കാണുമ്പോൾ എതോ മുതിർന്ന ഉദ്യോഗസ്ഥനായി പിരിഞ്ഞ ആളാണെന് എനിക്ക് തോന്നി. ഭാര്യയെക്കണ്ടാല്‍ ഒരു റിട്ടയേർഡ് സ്ക്കൂൾ ടീച്ചറെപ്പോലെയുണ്ട്.

 

ആ സ്ത്രീ ഒരു പുസ്തകം ട്രഷറി സ്റ്റാഫിനെ കാണിച്ച് പെൻഷൻ വന്നിട്ടുണ്ടോ എന്നാരാഞ്ഞു.

 

“വന്നിട്ടുണ്ട്.”

 

“എങ്കിൽ കുറച്ച് പൈസ വേണമായിരുന്നു. ബാക്കി വരുന്ന തുക ഫിക്സഡ് ഡിപ്പോസിറ്റ് ആക്കി മാറ്റിക്കൊള്ളൂ.”

 

കേട്ടിരുന്ന ഞാൻ ഞെട്ടി, ഈ പ്രായത്തിലും ഫിക്സഡ് ഡിപ്പോസിറ്റോ?

 

ഈ പ്രായത്തിലും അവർക്ക് ഫിക്സഡ് ഡിപ്പോസിറ്റ് ഉണ്ടാക്കി കൊടുക്കുന്ന മാനസിക സുഖം എന്നെ തെല്ലൊന്നുമല്ല ഞെട്ടിച്ചത്.

 

തിരിച്ചുവരാത്ത ഇന്നലെകളിലും, കാത്തു നിൽക്കുമെന്ന് ഉറപ്പില്ലാത്ത നാളെയിലുമാണ് ഈ വൃദ്ധദമ്പതികളുടെ ജീവിതം നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി. ഇന്നാണ് ജീവിതം എന്നത് ഇവർ അറിയാതെ പോയതിൽ ഞാൻ സങ്കടപ്പെട്ടിരുന്നു.

 

അവരുടെ സന്തോഷം ഫിക്സഡ് ഡിപ്പോസിറ്റ് രൂപത്തിലാണ് ജീവിതത്തിൽ ഉണ്ടായി കൊണ്ടിരിക്കുന്നത്. അത് മനസ്സിൽ നൈമിഷികമായ ആരോഗ്യം കൊണ്ടുവരുന്നു. അവരുടെ മനസ്സിൽ സമാധാനവും ആഹ്ലാദവും ഉണ്ടാകുന്നു.

 

എന്താണ് മനുഷ്യരിങ്ങനെ?

 

ഞാൻ ഒന്നുമറിയാതെ എന്നോടുതന്നെ സഹതാപത്തിൽ ചോദിച്ചുപോയി.


ഈ സമ്പാദ്യം തന്നെ നമ്മെ മറ്റുള്ളവരോട് അടുക്കുന്നതിൽ നിന്നു അകറ്റും. നമ്മുടെ കാശ് ആരെങ്കിലും തട്ടിക്കൊണ്ടുപോകുമോ എന്ന ഭയത്തിൽ നാം ആരേയും അടുക്കാൻ അനുവദിക്കില്ല. നമ്മുടെ ഒരോ ചലനവും അത്തരത്തിലുള്ളതാണ്. ആരെങ്കിലും കാണുന്നുണ്ടോ കേൾക്കുന്നുണ്ടോ എന്ന ഭാവത്തിലുള്ളതാണ്. ആ സമ്പാദ്യം നമുക്ക് സമാധാനമല്ല, അത് നഷ്ടപ്പെടാനുള്ള സാധ്യതകളെക്കുറിച്ചുള്ള ആധിയാണ്‌ നല്‍‌കുന്നത്.

 

വരും ദിനങ്ങളിലെപ്പോഴോ സുഭിക്ഷമായി കഴിയാനുള്ളത് ഞാന്‍ എവിടെയോ കരുതിവെച്ചിട്ടുണ്ട് എന്ന ആശ്വാസത്തിലല്ല, തന്റെ ജീവിതം ഓരോ നിമിഷവും സംതൃപ്തമാക്കാന്‍ പര്യാപ്തമായ ആലോചനകളിലും പ്രവൃത്തിയിലുമാണ് ജീവിക്കേണ്ടത് എന്ന് നാം മറന്നുപോയിരിക്കുന്നു.

 

അല്ല, അറിയാതെ പോയിരിക്കുന്നു. 

 

അത് മാറ്റണം.

 

നിങ്ങൾ നിങ്ങളെ സ്നേഹിക്കുവാൻ പഠിക്കണം. അത് നിങ്ങളുടെ കാര്യക്ഷമത വർദ്ധിക്കും അത് നിങ്ങളെ ഏറെ സന്തോഷവതി ആക്കുകയും ചെയ്യും.

 

നിങ്ങൾക്ക് അത് സാധിക്കും. അവിടെയാണ് നിങ്ങൾ നിങ്ങളുടെ ജീവിതലക്ഷ്യം സാക്ഷാത്ക്കരിക്കുക.


അനുഭവങ്ങളുടെ ആഴങ്ങൾ സമ്മാനിക്കുന്ന തിരിച്ചറിവുകൾ മറ്റ് ആരുടെയോ വാക്കുകളെക്കാളും വിലമതിക്കാത്തതാണ്. നിങ്ങളുടെ മാത്രം മനഃസാക്ഷിയെ  ബോധ്യപ്പെടുത്തി ആർക്കും ഒരു വേദനയും ബാധ്യതയും ആകാതെ യാഥാർത്ഥ്യത്തിലേക്ക് ജയിച്ചു കയറുമ്പോഴാണ് നമ്മുടെ ജീവിതത്തിൻ്റെ പുതിയ അധ്യായങ്ങൾ തുറക്കപ്പെടുന്നത്.

 

ഇത്തരം അധ്യായങ്ങളാവണം നമ്മുടെ ഫിക്സഡ് ഡിപ്പോസിറ്റുകൾ.




WhatsApp