Home

ഡിജിറ്റൽ സമ്പദ് വ്യവസ്ഥയുടെ രാഷ്ട്രീയം

Ajith B
Ajith B
EE
1989

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി പിന്നിട്ടപ്പോഴേക്ക് ടെലിഗ്രാഫും റേഡിയോയും ടെലിവിഷനും പോലുള്ള ഇലക്ട്രോണിക് മാധ്യമങ്ങളുടെ ഉപയോഗം ലോകമെമ്പാടും വ്യാപിച്ചിരുന്നു. മനുഷ്യർക്ക് ഏകകാലികമായി പങ്കിടാവുന്ന അനുഭവങ്ങൾ ഈ മാധ്യമങ്ങൾ സൃഷ്ടിച്ചു. അതായിരുന്നു ലോകം ഒരു ആഗോള ഗ്രാമമായി മാറിയിരിക്കുന്നു എന്നു പറയാൻ കനേഡിയൻ മാധ്യമ സൈദ്ധാന്തികനായ മാർഷൽ മഹ്‌ലുഹനെ പ്രേരിപ്പിച്ചത്. എന്നാൽ, വർഷങ്ങൾക്കു ശേഷം ഇന്റർനെറ്റടക്കമുള്ള വിവര സാങ്കേതികവിദ്യകൾ മനുഷ്യജീവിതത്തിലെ സജീവ സാന്നിധ്യമായി മാറിയതിനു ശേഷമായിരുന്നു ലോകം ശരിക്കും ഒരു ആഗോള ഗ്രാമം പോലായത്.

 

                                                                                                                                                                                                                                                                                                                                                                      Marshall McLuhan

 

ധനാത്മകമായ ഒട്ടേറെ വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട് ഈ സാങ്കേതികവിദ്യകൾ. അവയുടെ അനന്തസാധ്യതകൾ മനുഷ്യരുടെ നിത്യജീവിതത്തെ തിരിച്ചറിയാനൊക്കാത്തവിധം മാറ്റി. സാമൂഹിക വ്യവഹാരങ്ങളുടെ സ്ഥലകാല പരിധികൾ അതിശയകരമാംവണ്ണം ചുരുങ്ങി. അതിർവരമ്പുകളില്ലാത്ത, കൂടുതൽ ജനാധിപത്യപരവും സ്വതന്ത്രവും വികേന്ദ്രീകൃതവും ആയ ഒരു നവയുഗത്തിന്റെ നാന്ദിയായാണ് പലരും ഇതിനെ കണ്ടത്.

എന്നാൽ സംഭവിച്ചതതല്ല. മുമ്പുണ്ടായ സാങ്കേതിക വിപ്ലവങ്ങളുടെ കാര്യത്തിൽ നടന്ന പോലെ ഇതിനെയും മുതലാളിത്തം കയ്യടക്കി. ഈ സാങ്കേതികവിദ്യകൾ ഒരുക്കിയ അടിത്തറയിലായിരുന്നു ഏകീകൃതമായ ആഗോള സമ്പദ്‌വ്യവസ്ഥ അതിന്റെ തീവ്ര ചൂഷണ സ്വഭാവത്തോടെ നിലവിൽ വന്നത്. അതോടൊപ്പം ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുന്ന വൻകമ്പനികൾ സമ്പദ്‌ഘടനയിൽ മാത്രമല്ല സാമൂഹ്യജീവിതത്തിലും രാഷ്ടീയത്തിലുമൊക്കെ നിർണായകമായ സ്വാധീനം ചെലുത്തുന്ന ശക്തികളായി മാറുകയും ചെയ്തു.

ഇന്ന് ലോകത്തെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനികളിൽ ഏറെയും ഈ മേഖലയിൽ നിന്നുള്ളവയാണ്. എൻവിഡിയ, ആപ്പിൾ, അൽഫബെറ്റ്, ആമസോൺ, മെറ്റ, മൈക്രോസോഫ്റ്റ് തുടങ്ങിയ അമേരിക്കൻ കമ്പനികളാണ് ഇക്കൂട്ടത്തിൽ പ്രമുഖർ. അവയോടൊപ്പം ചൈനയിലെ ബൈഡു, ആലിബാബ, ടെൻസെന്റ്, തായ്‌വാനിലെ ടിഎസ്എംസി തുടങ്ങിയ കോർപറേഷനുകളും ശക്തമായ സാന്നിധ്യങ്ങളാണ്.

ഡിജിറ്റൽ മുതലാളിത്തത്തിന്റെ രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥ

തുടക്കത്തിൽ ഗവൺമെന്റും സൈനിക ഏജൻസികളും വികസിപ്പിച്ചെടുത്തവയായിരുന്നു ഈ സാങ്കേതികവിദ്യകൾ. പിന്നീടാണ് അവ സ്വകാര്യവൽക്കരിക്കപ്പെടുന്നത്. ഈ പ്രക്രിയയെ വിശദീകരിക്കാൻ ഡാൻ ഷില്ലർ എന്ന ചിന്തകൻ ഉപയോഗിച്ച സംജ്ഞയാണ് ഡിജിറ്റൽ മുതലാളിത്തം. പരമ്പരാഗത മുതലാളിത്തത്തിന്റെ നിരാസമായിട്ടല്ല, അതിസങ്കീർണവും ബഹുമുഖവുമായ അതിന്റെ ഒരു പുതിയ മാനമായാണ് ഡിജിറ്റൽ മുതലാളിത്തത്തെ കാണേണ്ടത്.

കാൾ മാർക്സാണ് ചരക്കുകളുടെ ഉത്പാദന-വിതരണ-ഉപഭോഗ പ്രക്രിയകളിലൂടെ അവിരാമമായി നടക്കുന്ന മൂല്യ നിർമ്മിതിയും സാക്ഷാത്ക്കാരവും ആയി മുതലാളിത്തത്തെ ആദ്യം കണ്ടത്. അതിന്റെ പ്രേരകശക്തി മൂലധന ചംക്രമണത്തിനിടയിൽ തൊഴിലെടുക്കുന്നവരുടെ അധികാദ്ധ്വാനത്തെ ചൂഷണം ചെയ്യുന്നതിലൂടെ ലഭ്യമാകുന്ന മിച്ചമൂല്യവും അതുവഴി ഉണ്ടാക്കുന്ന ലാഭവുമാണെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. ഇന്നും പ്രസക്തമായി തുടരുന്നുണ്ട് മുതലാളിത്തത്തിന്റെ ചലനാത്മകതയെ കുറിച്ചുള്ള മാർക്സിസ്റ്റ് പരികല്പനകൾ.

ബഹുരാഷ്ട്ര കമ്പനികൾക്കും ഫിനാൻസ് മൂലധനത്തിനും ഒരു ആഗോള വിപണി തുറന്നു കൊടുക്കുകയാണ് ഫലത്തിൽ ഡിജിറ്റൽ വിപ്ലവം ചെയ്തത്. ഉത്പാദനത്തിന്റെ ആഗോളവൽക്കരണം രാഷ്ട്രാതിർത്തികൾ മറികടന്നുള്ള ഒരു തൊഴിൽ വിഭജനം സാധ്യമാക്കി. ഇത് ആഗോളാടിസ്ഥാനത്തിലുള്ള തൊഴിൽ ചൂഷണം വ്യവസ്ഥാപിതമാക്കി. നിർമ്മിതബുദ്ധിയടക്കമുള്ള നവീന സാങ്കേതികവിദ്യകൾ കൊണ്ടുള്ള യന്ത്രവൽക്കരണം തൊഴിൽ ചിലവ് കുറച്ച് ലാഭനിരക്ക് കൂട്ടാൻ സഹായിച്ചു.

 

മൂലധനത്തിന്റെ കുത്തകവൽക്കരണത്തിലേക്കും കേന്ദ്രീകരണത്തിലേക്കുമുള്ള പ്രവണതയെ ഡിജിറ്റൽ മുതലാളിത്തം കൂടുതൽ തീവ്രമാക്കുന്നു. ഉപഭോക്താക്കളുടെ എണ്ണം കൂടുന്തോറും കൂടുതൽ മൂല്യമുള്ള സേവനങ്ങളും ഉത്പന്നങ്ങളും വർദ്ധിത കാര്യക്ഷമതയോടെ ഉണ്ടാക്കാൻ പറ്റുന്നവയാണ് ചില വ്യവസായങ്ങൾ. ഇത്തരം ബിസിനസുകളിൽ പുതിയൊരു കമ്പനിക്ക് കടന്നു വന്ന് മത്സരിക്കാൻ ബുദ്ധിമുട്ടാണ്. ‘നെറ്റ് വർക്ക് എഫക്റ്റ്’ എന്ന് സാമ്പത്തിക ശാസ്ത്രത്തിൽ വിശേഷിപ്പിക്കപ്പെടുന്ന ഈ പ്രവണത പ്രകടിപ്പിക്കുന്നവയാണ് ഇന്റർനെറ്റ് ബിസിനസുകളിൽ അധികവും. ജയിക്കുന്നവർ മാത്രം എല്ലാം നേടുന്ന ഒരു മേഖല.

ഡിജിറ്റൽ മുതലാളിത്തത്തിന്റെ വേറൊരു സവിശേഷത പ്ലാറ്റ്‌ഫോം സമ്പദ്‌വ്യവസ്ഥ'യുടെ വളർച്ചയാണ്. ആമസോണും ഉബറും പോലെയുള്ള പ്ലാറ്റ്‌ഫോമുകൾ തൊഴിൽ, തൊഴിലിടം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള സാമ്പ്രദായിക ധാരണകളെ പൊളിച്ചെഴുതുന്നു. മുഴുവൻ സമയ ജോലികളുടെ അഭാവവും, ഉള്ള ജോലികളുടെ കോൺട്രാക്റ്റ് വൽക്കരണവും തൊഴിലെടുക്കുന്നവരുടെ വിലപേശൽ ശേഷിയെ ഇല്ലാതാക്കുന്നു. തൊഴിലാളികളുടെ സംഘടിത സ്വഭാവം നഷ്ടപ്പെടുന്നു. അവർ അൽഗോരിതങ്ങളുടെ നിയന്ത്രണത്തിൽ കൃത്യമായ തൊഴിൽ നിയമങ്ങൾ, സുരക്ഷ, സമയം ഇവയൊന്നുമില്ലാതെ ജോലി ചെയ്യുന്ന അസംഘടിതരായ പ്രികാരിയറ്റുകളായി (precariats) മാറുന്നു.

ഡാറ്റ മൂലധനമാകുമ്പോൾ

സാമ്പ്രദായിക മുതലാളിത്തത്തിന്റെ തുടർച്ചയായിരിക്കുമ്പോൾ തന്നെ ഡിജിറ്റൽ മുതലാളിത്തം പുതിയ ചില പ്രവണതകൾ പ്രകടമാക്കുന്നുണ്ട്. അതിലൊന്ന് ഡാറ്റയെ ഉപയോഗപ്പെടുത്തുന്ന രീതിയാണ്. കമ്പ്യൂട്ടർ ഡിജിറ്റൈസേഷൻ സകല ജീവിത വ്യവഹാരങ്ങളിലും കടന്നു കയറിയതോടെ അവയെ അടയാളപ്പെടുത്തുന്ന കൂറ്റൻ വിവരശേഖരങ്ങൾ ഉണ്ടായിട്ടുണ്ട്. നിർമ്മിതബുദ്ധി/മെഷീൻ ലേണിംഗ് അൽഗോരിതങ്ങൾ ഉപയോഗിച്ച് ഈ വിവരശേഖരങ്ങളുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്നു ഡിജിറ്റൽ മുതലാളിത്തം.

ഉദാഹരണത്തിന്, ഗൂഗിളും ഫേസ്‌ബുക്കും പോലുള്ള സ്ഥാപനങ്ങൾ അവരുടെ മിക്ക സേവനങ്ങളും സൗജന്യമായാണ് നൽകുന്നത്. പക്ഷെ ആ സേവനങ്ങളിലൂടെ നമ്മുടെ ഇഷ്ടാനിഷ്ടങ്ങളും ആഗ്രഹങ്ങളും കാഴ്ചപ്പാടുകളുമടക്കം നമ്മെ കുറിച്ചുള്ള അറിവുകളെല്ലാം അവർ കൈക്കലാക്കുന്നു. ഈ വിവരങ്ങളിൽ നിന്ന് അൽഗോരിതങ്ങൾ ഉപയോഗിച്ച് കണ്ടെത്തുന്ന ഉൾക്കാഴ്ചകളെ പരസ്യങ്ങളടക്കമുള്ള ധനാഗമ മാർഗ്ഗങ്ങൾക്കായി അവർ ഉപയോഗപ്പെടുത്തുന്നു. ഈ കമ്പനികളുടെ വരുമാനത്തിന്റെ ബഹുഭൂരിഭാഗവും പരസ്യങ്ങളിൽ നിന്നാണ്. നമ്മുടെ ഓൺലൈൻ പ്രവർത്തങ്ങൾ അവരുടെ ലാഭം നേടിക്കൊടുക്കുന്ന ഡാറ്റ എന്ന ചരക്കുൽപാദിപ്പിക്കുന്ന സൗജന്യ അധ്വാനമായി മാറുന്നു എന്നർത്ഥം.

ഉപയോക്താക്കളുടെ ഓൺലൈൻ ജീവിതത്തിന്റെ നിരന്തര നിരീക്ഷണം തങ്ങളുടെ ബിസിനസിന്റെ വിപുലീകരണത്തിന് കമ്പനികൾ ഉപയോഗിക്കുന്നതിനെയാണ് ശോഷാന സൂബോഫിനെ പോലുള്ള ചിന്തകർ സർവെയിലൻസ് ക്യാപിറ്റലിസം എന്ന് വിളിക്കുന്നത്. പലപ്പോഴും വ്യക്തികളുടെ പെരുമാറ്റം പ്രവചിക്കാൻ മാത്രമല്ല ആ പെരുമാറ്റത്തെ തങ്ങളുടെ ആവശ്യാനുസരണം മാറ്റാനും ഇത്തരം കമ്പനികൾ ശ്രമിക്കുന്നു.

XXXX
                                                                                                                                                                                                                                                                                                                                                                     Shoshana Zuboff

അതേ സമയം സർവെയിലൻസ് സഹായിക്കുന്നത് സ്വകാര്യ മൂലധനത്തെ മാത്രമല്ല ഭരണകൂടങ്ങളെ കൂടിയാണെന്നതും ഇവിടെ ഓർക്കേണ്ടതുണ്ട്. പൊതുജനങ്ങളെ നിരീക്ഷിക്കുന്നതിനു വേണ്ടി യുഎസ് ഗവണ്മെന്റ് രൂപം രഹസ്യ പ്രൊജക്റ്റായ PRISM-നെക്കുറിച്ച് 2013-ൽ എഡ്വേർഡ് സ്നോഡൻ നടത്തിയ വെളിപ്പെടുത്തലുകൾ ഉദാഹരണം.

ഡിജിറ്റൽ മുതലാളിത്തവും വ്യക്തിയും

ഉപയോക്താക്കൾക്ക് അതതു ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ കഴിയുന്നതും കൂടുതൽ നേരം ചിലവഴിപ്പിക്കുക (engagement) എന്നതാണ് അൽഗോരിതങ്ങളുടെ ആത്യന്തിക ലക്ഷ്യം. കൂടുതൽ നേരം പ്ലാറ്റ്‌ഫോമിൽ ചിലവഴിക്കുന്ന ഉപയോക്താവ് കൂടുതൽ ഡാറ്റ ഉണ്ടാക്കുന്നു. ഇത് കൂടുതൽ ലാഭത്തിലേക്ക് വഴി തുറക്കുന്നു.

എൻഗേജ്മെന്റ് കൂട്ടാനുള്ള വിവിധ മാർഗങ്ങളിലൊന്ന് സൈബറിടങ്ങളിൽ ഒരു വ്യക്തിക്ക് ലഭിക്കുന്ന സ്വീകാര്യത അയാളുടെ ഏറ്റവും വലിയ സാമൂഹ്യ മൂലധമാണെന്ന പ്രതീതിയുണ്ടാക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലെ ബന്ധങ്ങളും ലൈക്കുകളും ഷെയറുകളും ഫോളോവേഴ്സും ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായ കാര്യമാണെന്ന തോന്നലുണ്ടാക്കാൻ അൽഗോരിതങ്ങൾക്ക് കഴിയുന്നു. അപ്പോൾ ഓൺലൈൻ ജീവിതം തന്നെ സ്വീകാര്യതയുള്ള പ്രതിച്ഛായ എന്ന ചരക്കുൽപാദനത്തിനായുള്ള അധ്വാനമായി മാറുന്നു.

ഇത് വ്യക്തിയുടെ ഡിജിറ്റൽ അന്യവൽക്കരണത്തിലേക്കാണ് നയിക്കുന്നത്. അയാളുടെ ആധികാരിക സ്വത്വം നഷ്ടപ്പെടുന്നു. സ്വാഭാവികമായ മാനുഷിക ബന്ധങ്ങൾ അപ്രസക്തവും അസാധ്യവും ആകുന്നു. സാമൂഹ്യ മാധ്യമങ്ങൾ മനുഷ്യരിൽ, പ്രത്യേകിച്ച് ചെറു പ്രായക്കാർക്കിടയിൽ, ഉണ്ടാക്കുന്ന ഉത്കണ്ഠ, അപര്യാപ്തത, ഒറ്റപ്പെടൽ, വിഷാദം തുടങ്ങിയ മാനസിക പ്രശ്നങ്ങൾ അതീവ ഗൗരവകരമായ ഒരു സാമൂഹ്യപ്രശ്നമായി മാറികഴിഞ്ഞിട്ടുണ്ട്.

അൽഗോരിതങ്ങളുടെ കാണാച്ചരടുകൾ

വ്യക്തികളുടെ പെരുമാറ്റം പ്രവചിക്കുന്നതിൽ ഒതുങ്ങാതെ, അവരുടെ പെരുമാറ്റങ്ങളെയും അഭിപ്രായങ്ങളെയും രൂപപ്പെടുത്താനും കൂടി അൽഗോരിതങ്ങൾ പലപ്പോഴും ശ്രമിക്കുന്നു. ഇത് അവരുടെ രാഷ്ട്രീയ ഇടപെടലുകളടക്കമുള്ള സാമൂഹ്യ വ്യവഹാരങ്ങളെ ആഴത്തിലും സൂക്ഷ്മമായും സ്വാധീനിക്കുന്നു. ഉദാഹരണത്തിന് ഒരു സാമൂഹ്യമാധ്യമ ഉപയോക്താവിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ സാധ്യതയുള്ള ഉള്ളടക്കങ്ങളായിരിക്കും സ്വാഭാവികമായും അൽഗോരിതങ്ങൾ അയാളെ കാണിക്കുന്നത്. ഇങ്ങനെയുള്ള അൽഗോരിത നിയന്ത്രണം ഒരു "എക്കോ ചേംബർ" (Echo Chamber) പ്രഭാവം സൃഷ്ടിക്കും . ഇവിടെ ഉപയോക്താക്കൾ തങ്ങളുടെ നിലവിലുള്ള വിശ്വാസങ്ങളെ സ്ഥിരീകരിക്കുന്ന ഉള്ളടക്കം മാത്രം കാണുന്നു. ഇത് യുക്ത്യാധിഷ്ഠിതമല്ലാത്ത ആശയപരമായ ധ്രുവീകരണത്തിനു കാരണമാകുന്നു.

വൈകാരികവും, ഭിന്നിപ്പിക്കുന്നതും, കോളിളക്കം സൃഷ്ടിക്കുന്നതുമായ ഉള്ളടക്കമാണ് പലപ്പോഴും ഏറ്റവും കൂടുതൽ എൻഗേജ്മെന്റുകൾ ഉണ്ടാക്കുന്നത്. വിദ്വേഷ പ്രചാരണങ്ങളിൽ പൊതുവെ കാണപ്പെടുന്ന തരം പ്രമേയങ്ങൾ. അതുകൊണ്ട് സാധാരണ രാഷ്ട്രീയ വീഡിയോ കാണുന്ന ഒരാളെ ആ മാധ്യമത്തിന്റെ അൽഗോരിതം രാഷ്ട്രീയം വിഷയമായ, എന്നാൽ കൂടുതൽ സെൻസേഷണലായ വീഡിയോകളിലേക്ക് നയിക്കാൻ സാധ്യത കൂടുതലാണ്: വിദ്വേഷ പ്രസംഗങ്ങൾ, ഗൂഢാലോചന സിദ്ധാന്തങ്ങങ്ങൾ എന്നിങ്ങനെ. തീവ്ര വലതുപക്ഷ ഗ്രൂപ്പുകളും മറ്റും ഈ പ്രവണതയെ ഫലപ്രദമായി ഉപയോഗിച്ചു വരുന്നുണ്ട്.

വ്യക്തിഗത സന്ദേശങ്ങൾ ഉപയോഗിച്ച് വ്യക്തികളെ മൈക്രോ ടാർഗെറ്റ് ചെയ്യാനുള്ള കഴിവ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കുണ്ട്. അതുപയോഗിച്ച് പൂർണ്ണമായും തെറ്റായതോ അല്ലെങ്കിൽ വക്രീകരിക്കപ്പെട്ടതോ ആയ വിവരങ്ങൾ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ സാധാരണമായി മാറിയിരിക്കുന്നു. 2018-ലെ കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം ഇതിന്റെ ഗൗരവം വെളിവാക്കുന്ന ഒരു ഉദാഹരണമാണ്. ലക്ഷക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ആ ബ്രിട്ടീഷ് കൺസൾട്ടിംഗ് സ്ഥാപനം രാഷ്ട്രീയ പരസ്യങ്ങൾക്കായി അറിവോടെയുള്ള സമ്മതമില്ലാതെ ശേഖരിച്ചു എന്നതായിരുന്നു ആരോപണം. 2016 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ബ്രെക്സിറ്റ് ഹിതപരിശോധനയിലും വോട്ടിംഗിനെ സ്വാധീനിക്കാൻ അവർ ഈ ഡാറ്റ ഉപയോഗിച്ചു.

സമീപകാലത്ത് വലിയ പ്രചാരം നേടിയ ജനറേറ്റീവ് എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന ഉള്ളടക്കങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ കൂടിയുള്ള പ്രചാരണങ്ങളെ കൂടുതൽ ആപൽക്കരമാക്കുന്നുണ്ട്. മനുഷ്യരെ പോലെ ബുദ്ധിയും ബോധവും ബോധ്യവുമുണ്ട് നിർമ്മിതബുദ്ധിക്കെന്ന് തെറ്റിദ്ധരിക്കാനുള്ള സാധ്യത ഒരു വശത്ത്. ഇനി അങ്ങിനെയൊരു തെറ്റിദ്ധാരണ ഇല്ലെങ്കിൽ തന്നെയും ഈ ഉള്ളടക്കങ്ങൾ യന്ത്രനിർമ്മിതമോ മനുഷ്യരിൽ നിന്നുള്ളതോ എന്ന് തിരിച്ചറിയാനുള്ള മാർഗങ്ങളില്ലായ്മ മറുവശത്ത്.

വർഷങ്ങൾക്ക് മുമ്പ് എഡ്വേർഡ് എസ്. ഹെർമനും നോം ചോംസ്കിയും അവതരിപ്പിച്ച ഒരു പ്രയോഗമാണ് 'പൊതുസമ്മതിയുടെ നിർമ്മാണം'. സ്വതന്ത്രവും വസ്തുനിഷ്ഠവുമെന്ന് അവകാശപ്പെടുന്ന മാധ്യമങ്ങൾ, കോർപ്പറേഷനുകളുടെയും ഗവൺമെന്റിന്റെയും പ്രചാരണ സംവിധാനമായി എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് കാണിക്കാനായിരുന്നു അവർ അത് ഉപയോഗിച്ചത്. ഡിജിറ്റൽ മുതലാളിത്തത്തിന്റെ ഈ പുതിയ കാലത്ത് 'പൊതുസമ്മതിയുടെ നിർമ്മാണം' പുതിയ മാനങ്ങൾ ആർജ്ജിച്ചിരിക്കുന്നു.

പരിധികളില്ലാത്ത മൂലധന സഞ്ചയന ത്വരയും ലാഭക്കൊതിയും ചൂഷണവും വ്യക്തികളുടെ അന്യവൽക്കരണവുമൊക്കെ മുതലാളിത്തത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളാണ്. ഡിജിറ്റൽ മുതലാളിത്തം ഈ പ്രവണതകളെ കൂടുതൽ അഗാധവും തീവ്രവും ആക്കുന്നു. നവീന സാങ്കേതിക വിദ്യകളെ നിരാകരിക്കാനുള്ളതല്ല, മറിച്ച് അവയുടെ വിമോചന സാധ്യതകൾ സാക്ഷാത്കരിക്കുന്നതിനുള്ള മുന്നുപാധിയാണ് ഡിജിറ്റൽ മുതലാളിത്തത്തെ കുറിച്ചുള്ള വിമർശനങ്ങൾ

അധിക വായനയ്ക്ക്:

Carr, Nicholas. The Shallows. W. W. Norton & Company, 2010.

Fuchs, Christian. Rereading Marx in the Age of Digital Capitalism. Pluto Books, 2019.

Fuchs, Christian, and Mosco Vincent, editors. Marx in the Age of Digital Capitalism. BRILL, 2015.

Schiller, Dan. Digital Capitalism. MIT Press, 1999.

Srnicek, Nick. Platform Capitalism. John Wiley & Sons, 2017.

Woodcock, Jamie, and Mark Graham. The Gig Economy. Polity, 2020.

Zuboff, Shoshana. The Age of Surveillance Capitalism. PublicAffairs, 2019.

 

 

WhatsApp