പാരിസ്ഥിതികം: പച്ചയും പതിരും
Dr. Suresh Kodoor
CE
1987
മനുഷ്യവംശവും മനുഷ്യസംസ്കൃതിയും നിലനിര്‍ത്തുന്നതിന് പ്രകൃതി ഒരു അനിവാര്യതയാണ്. പ്രകൃതിയുടെ ഭാഗമായ മനുഷ്യന് ആ പ്രകൃതിയില്‍ത്തന്നെ പ്രതിപ്രവര്ത്തിച്ചുകൊണ്ടേ സ്വയം അതിജീവിക്കാനാവൂ. ഈ അനിവാര്യതയെ തിരിച്ചറിയുകയും, അതിനുതകുന്ന വിധത്തിൽ പ്രകൃതിയെ സംരക്ഷിച്ച് പരിപാലിക്കുവാനുള്ള ബോധപൂര്‍വമായ ഇടപെടലുകൾ ആസൂത്രിതമായി നടപ്പിലാക്കുകയും ചെയ്യുന്ന ശാസ്ത്രീയമായ പരിസ്ഥിതി അവബോധമാണ് നമ്മുടെ പാരിസ്ഥിതിക പരിപ്രേക്ഷ്യത്തെ രൂപപ്പെടുത്തേണ്ടത്.
മറിച്ച്, മനുഷ്യന് വേട്ടക്കാരന്റെ വിരലടയാള൦ പതിച്ചുനല്‍കുന്ന പ്രകൃതിചിത്രത്തിൽ മാലയിട്ടാരാധിക്കുന്ന അതികാല്പനികതയുടെ പാരിസ്ഥിതികത്തിൽ പതിരുകളേ ഉള്ളൂ, പച്ചപ്പൊട്ടുമില്ല. മനുഷ്യന് പരിഗണിക്കപ്പെടാത്ത ഒരു പാരിസ്ഥിതിക പരികല്പനയും മാനവികമാവില്ല. അതുകൊണ്ടുതന്നെ മനുഷ്യനെ പുറ൦വരിയിൽ പ്രതിഷ്ഠിക്കുന്ന പരിസ്ഥിതി സങ്കൽപനങ്ങള്ക്ക് കാൽപ്പനിക സ്വപ്നങ്ങളുടെ കടുംനിറം പക൪ന്ന അബദ്ധജല്പ്പനങ്ങളായി അട്ടത്തിരിക്കാനേ കഴിയൂ. അവ പ്രായോഗികമോ, പുരോഗമനപരമോ, ശാസ്ത്രീയമോ ആവില്ല.
പരിസ്ഥിതിയെക്കുറിച്ചുള്ള അശാസ്ത്രീയമായ ധാരണകളും, അന്ധമായ കടുംപിടുത്തങ്ങളും മനുഷ്യന്റെ മുന്നോട്ടുള്ള യാത്രക്ക് സഹായകരമാവുന്നില്ല എന്ന് മാത്രമല്ല അത് പലപ്പോഴും പ്രതിലോമകരമായി ആ യാത്രക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. അതേസമയം, മനുഷ്യന്റെ സുഗമമായ ജീവസന്ധാരണത്തിൽ അവനും അവന്റെ ചുറ്റുമുള്ള ജൈവവും അജൈവവുമായ സകലതും ഉള്‍പ്പെടുന്ന പ്രകൃതി വഹിക്കുന്ന പങ്കിനെക്കുറിച്ചുള്ള സമഗ്രമായ അവബോധം അവനെ ആ പ്രകൃതിയിലെ വിഭവങ്ങളുടെ ഉപഭോഗം വിവേകപൂര്ണമായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജാഗ്രതയുള്ളവനാക്കേണ്ടതുമുണ്ട്.
പ്രകൃതിയുടെ പരിപാലനവും സംരക്ഷണവും തന്റെയും, വരും തലമുറയുടേയും നിലനില്‍പ്പിന്റെ അടിസ്ഥാനമാണെന്ന അതിജീവനത്തിലൂന്നിയ പാരിസ്ഥിതിക അവബോധവും, ഈ സന്തുലിതാവസ്ഥയെ അട്ടിമറിക്കുന്ന പ്രകൃതിയുടെ അനിയന്ത്രിതവും അപകടകരവുമായ ചൂഷണത്തിനുപിന്നിലെ ചാലകശക്തിയായി വര്‍ത്തിക്കുന്ന സ്വകാര്യലാഭത്തിന്റെ പ്രത്യയശാസ്ത്രത്തേയും, വ്യവസ്ഥിതിയേയും അതിന്റെ പ്രയോക്താക്കളേയും കുറിച്ച് തിരിച്ചറിവ് നല്കുന്ന രാഷ്ട്രീയ അവബോധവും പുരോഗമന പാരിസ്ഥിതിക കൽപ്പനകളുടെ അടിസ്ഥാനമാവേണ്ടതുണ്ട്. കേരളീയ സമൂഹത്തിൽ ഉയ൪ത്തിക്കൊണ്ടുവരേണ്ട അത്തരമൊരു പരിസ്ഥിതി പരിപ്രേക്ഷ്യത്തിന്റെ സമഗ്രമായ ഒരു രൂപരേഖ ജി.മധുസൂദന൯ തന്റെ ‘നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി’ എന്ന കൃതിയിൽ മുന്നോട്ട് വെക്കുന്നുണ്ട്.
“പാരിസ്ഥിതികചരിത്രം ജീവൽസമസ്യകളുടെ ചരിത്രമാണ്. പ്രകൃതിയെക്കുറിച്ചുള്ള ഗൃഹാതുരതയുടെയും ഇതര ജീവികളോടുള്ള കാരുണ്യത്തിന്റെയും മാത്രം കഥയല്ല” എന്ന് മധുസൂധന൯ വ്യക്തമാക്കുന്നു. കേരളത്തിന്റെ പാരിസ്ഥിതികചരിത്രരചനക്കും, കാലികമായ ഒരു കേരളീയ പാരിസ്ഥിതിക പരിപ്രേക്ഷ്യ നിര്‍മിതിക്കുവേണ്ടിയുള്ള ചര്‍ച്ചകള്‍ക്കും പ്രചോദനവും, രീതിശാസ്ത്രവും, പ്രശ്നപരിസരവും, പ്രസക്തവിവരങ്ങളും പൊതുജനസമക്ഷം അവതരിപ്പിക്കുന്നുണ്ട് ഈ കൃതി.
ഈ പുസ്തക൦ അവതരിപ്പിക്കുന്ന പാരിസ്ഥിതിക ചിന്തകളിലും നിര്‍ദ്ദേശങ്ങളിലും വിയോജിപ്പിന്റെ തലങ്ങൾ തീര്‍ത്തും ഇല്ലെന്നല്ല. ജൈവകൃഷിയെക്കുറിച്ചുള്ള എഴുത്തുകാരന്റെ അയുക്തികമായ കടുംപിടുത്തങ്ങളും (പുതിയ ശ്രീലങ്കന്‍ അനുഭവങ്ങളുടെ വെളിച്ചത്തിൽ മധുസൂദനന്റെ ഇത് സംബന്ധിച്ച നിലപാടുകളിൽ പുനര്‍വിചിന്തനം ഉണ്ടായിട്ടുണ്ടോ എന്നറിയുന്നത് കൌതുകകരമായിരിക്കും. ജൈവകൃഷിയുടെ സൈദ്ധാന്തികരും, പ്രയോക്താക്കളുമൊക്കെയായ വന്ദനശിവയും, ഫുക്കുവോക്കയും ഒക്കെ അന്ധമെന്നുതന്നെ പറയാവുന്ന തരത്തിൽ മധുസൂദനന്റെ ആരാധനാപാത്രങ്ങളാവുന്നത് എഴുത്തിൽ തെളിഞ്ഞുനില്ക്കുന്നുണ്ട്.
ഡാമുകളുടെ അപ്പാടെയുള്ള നിരാകരണവും, ഗതാഗത സൌകര്യങ്ങളുടെ ആവശ്യകതയേയും, അതിനുള്ള പ്രതിവിധികളേയും മുന്നോട്ടു വെക്കുന്നതിലുള്ള വൈരുദ്ധ്യങ്ങളും, എണ്ണാനന്തര യുഗത്തെക്കുറിച്ചുള്ള അതിരുവിട്ട ഭയാശങ്കകളും ഒക്കെ വിയോജിപ്പിന്റെ മേഖലകളായുണ്ട്. എന്നാല്‍ അത്തരം വിയോജിപ്പുകളെ നിലനി൪ത്തിക്കൊണ്ടു തന്നെ മലയാളിയുടെ പരിസ്ഥിതി അവബോധത്തിന്റെ പോഷണത്തിന് വളരെ വിലപിടിപ്പുള്ള സംഭാവനയാണ് ഈ ഗ്രന്ഥം എന്ന് സംശയമേതുമില്ലാതെ തന്നെ പറയാ൯ കഴിയും. കേരളത്തിന്റെ പാരിസ്ഥിതികചരിത്രശാഖയുടെ തുടര്‍ന്നുള്ള വളര്‍ച്ചക്ക് ഊര്‍ജവും ഉത്തേജനവും നല്കുന്ന മികച്ച അടിത്തറ പാകുകയാണ് ഈ കൃതി.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഏതാണ്ട് 75% വനഭൂമിയായിരുന്ന കേരളം 1950-കളിലെത്തുമ്പോള്‍ 36%വും 1990-കളില്‍ അത് 12%വും മാത്രം വനവിസ്തൃതിയിലേക്ക് ചുരുങ്ങിയെന്ന് ഗ്രന്ഥകാര൯ രേഖകൾ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടുന്നു. നാലിൽ മൂന്നു ഭാഗവും വനമേഖലയായിരുന്ന നമ്മുടെ മാതൃഭൂമി രണ്ടു നൂറ്റാണ്ട് കാലയളവിനുള്ളിൽ പത്തിലൊന്ന് മാത്രം വനങ്ങളുള്ള തരിശായിരിക്കുന്നു എന്നത് തീര്‍ച്ചയായും ആശങ്ക ഉയര്‍ത്തുന്ന സ്ഥിതിവിവരക്കണക്കാണ്. എന്നാല്‍ ഈ വനനാശ൦ പൂര്‍ണമായും ജനസംഖ്യാവര്‍ദ്ധനവിന് ആനുപാതികമായ കുടിയേറ്റവും ജീവനോപാധിക്കായുള്ള കയ്യേറ്റവും കാരണമായുണ്ടായതല്ല എന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെ ജനസംഖ്യ 64 ലക്ഷമായിരുന്നു. 1940-കളാവുമ്പോൾ ഇത് 128ലക്ഷമായും 1970 കളായപ്പോഴേക്കും 256 ലക്ഷമായും വര്‍ദ്ധിച്ചു. ഏതാണ്ട് 350 ലക്ഷമാണ് ഇപ്പോഴത്തെ ജനസംഖ്യ. ജനസാന്ദ്രതയാകട്ടെ ചതുരശ്ര കിലോമീറ്ററിന് 860 ആളുകള്‍ എന്ന നിലയിലും. അപ്പോള്‍ സ്വാഭാവികമായും ഇത്രയും മനുഷ്യര്‍ക്ക് വേണ്ട വാസസ്ഥലങ്ങളും കൃഷിസ്ഥലങ്ങളും പശ്ചാത്തല സൌകര്യങ്ങളും ഒക്കെ വനങ്ങളുടെ ശ്മശാനങ്ങളിൽ തന്നെയാവും പടുത്തുയര്‍ത്തപ്പെടുക. ഖാണ്ഡവദഹനത്തിന് മുകളിലാണല്ലോ ഇന്ദ്രപ്രസ്ഥം പണിഞ്ഞത്?
എന്നാല്‍ അത്തരം സ്വാഭാവികവും അനിവാര്യവുമായ കയ്യേറ്റങ്ങളേക്കാൾ പരിസ്ഥിതിക്ക് അപരിഹാര്യമായ പരിക്കേൽപ്പിക്കുന്നത് ലാഭാ൪ത്തിയുടെ മുതലാളിത്ത അധിനിവേശമാണ് എന്നതിലേക്കാണ് മധുസൂദന൯ വിരല്‍ചൂണ്ടുന്നത്. ബ്രിട്ടീഷുകാ൪ അധിനിവേശത്തിന്റെ ആദ്യകാലങ്ങളിൽ കപ്പല്നി൪മാണത്തിനായുള്ള തടികള്‍ക്ക് വേണ്ടിയും പിന്നീട് വാണിജ്യാടിസ്ഥാനത്തിൽ വ്യാപകമാക്കിയ തോട്ടവിളകൾക്കായും വെളുപ്പിച്ച വനവിസ്തൃതിയുടെ മുന്നിൽ ആഭ്യന്തര കുടിയേറ്റത്തിന്റെ ഫലമായുണ്ടായ വനനശീകരണം നാമമാത്രമായിരിക്കും.
അതായത് ‘മനുഷ്യന് വനം നശിപ്പിച്ചു’ എന്ന രീതിയിലുള്ള സാമാന്യവല്ക്കരണം യഥാര്‍ത്ഥ കുറ്റവാളികളേയും, അവര്‍ക്ക് സംരക്ഷണവും പ്രോത്സാഹനവും നല്കിയ ഒരു വ്യവസ്ഥിതിയേയും വെളുപ്പിക്കാനുള്ളതാണ്. മുതലാളിത്ത ഉത്പ്പാദനപ്രക്രിയയിൽ സ്വകാര്യവല്‍ക്കരിക്കപ്പെടുന്ന ലാഭം കൈപ്പറ്റുന്നവരല്ല അതിനു കൊടുക്കേണ്ടിവരുന്ന വിലയുടെ അഥവാ ദൂഷ്യഫലങ്ങളുടെ സാമൂഹ്യവല്‍ക്കരണത്തിന്റെ (privatizing the profit and socialising the cost) ഇരകളാവുന്നത് എന്നത് പ്രധാനമാണ്. മുതലാളിത്തത്തിന്റെ പ്രയോക്താവായി നിൽക്കുന്ന ഒരാള്‍ക്കും അതുകൊണ്ടുതന്നെ ആത്മാര്‍ത്ഥമായി ഒരു പരിസ്ഥിതിസംരക്ഷണവാദി ആവാ൯ സാദ്ധ്യമല്ല.
വ്യാപകമായി വാണിജ്യാടിസ്ഥാനത്തിൽ കാപ്പി, തേയില, കുരുമുളക്, റബ്ബ൪ തോട്ടങ്ങൾ ഉണ്ടാക്കുന്നതിനായി കാട് കയ്യേറിയ ബ്രിട്ടീഷ് മുതലാളിത്തവും, തൊഴില്‍തേടി പലായനം ചെയ്ത് മലയോരങ്ങളിലേക്കെത്തിയ അഭ്യന്തര കുടിയേറ്റക്കാരും തമ്മിൽ വ്യത്യാസം കാണാതെ പോകരുതല്ലൊ. പ്ലാ൯റ്റേഷ൯, തോട്ടവിളകള്‍ എന്നിവയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള വ്യാപനത്തിനായി വന്‍തോതിൽ നടന്ന വനങ്ങളുടെ കയ്യേറ്റവും, അത്തരം വിളകളെ പ്രോത്സാഹിപ്പിച്ച രാജ്യഭരണത്തിൽ ഭൂരഹിതരാക്കപ്പെട്ട ചെറുകിട കര്‍ഷകരും തൊഴിൽരഹിതരായവരും ഒക്കെ കുറഞ്ഞ വിലക്ക് ഭൂമി ലഭിക്കുന്ന ഭാഗങ്ങളിലേക്ക് പലായനം ചെയ്യാ൯ നിര്ബന്ധിക്കപ്പെട്ടതുമൂലമുണ്ടായ വനഭൂമി കുടിയേറ്റവും വ്യത്യസ്തമായിത്തന്നെ പരിഗണിക്കേണ്ടതുണ്ട്. “പാശ്ചാത്യര്‍ തുടങ്ങിയ തോട്ടവിളകളുടെ വ്യാപനം അധിനിവേശ മൂലധനത്തിന്റെ കടന്നുകയറ്റമായും കേരളത്തെ ആഗോളവിപണിയിൽ കണ്ണിചേര്‍ക്കുന്ന പ്രക്രിയയായും കാണേണ്ടതുണ്ട്. എന്നാല്‍, കേരളത്തിനുള്ളില്‍ നടന്ന നമ്മുടെ നാട്ടുകാരുടെ കുടിയേറ്റങ്ങൾ ചില പ്രത്യേക സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങൾ സൃഷ്ടിച്ച ജീവല്‍സമസ്യയായി കാണണം” എന്ന് ഗ്രന്ഥകാരന് അത് തിരിച്ചറിയുന്നു. എന്നാല്‍ അതേസമയം ഇവയൊക്കെ ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതങ്ങള്‍ ദൂരവ്യാപകമായ ഫലങ്ങൾ നമ്മുടെ ആവാസവ്യവസ്ഥയില്‍ സൃഷ്ടിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തെ അവഗണിക്കാനും കഴിയില്ല. പശ്ചിമഘട്ട മലനിരകൾ കേരളത്തെ ഇന്നത്തെ കേരളമാക്കിയതിലും അങ്ങനെ നിലനിര്‍ത്തുന്നതിലും വഹിക്കുന്ന ഏറെ സുപ്രധാനമായ പങ്ക് വളരെ വിശദമായി തന്നെ കൃതി അനാവരണം ചെയ്യുന്നുണ്ട്.
ഒരു ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിൽ ആ പ്രദേശത്തെ ഭൂപ്രകൃതി വലിയൊരു പങ്കു വഹിക്കുന്നുണ്ട്. അതുകൊണ്ട് ഭൂപ്രകൃതിയിലുണ്ടാവുന്ന ഏതൊരു മാറ്റവും ആ ആവാസവ്യവസ്ഥയിൽ ചലനങ്ങളുണ്ടാക്കും. ആത്യന്തികമായി അത് അവിടുത്തെ ജീവിത വ്യവസ്ഥയെ അഥവാ സംസ്കാരത്തെ സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്യും. അതുകൊണ്ട് കേരളത്തിലെ ഭൂപ്രകൃതിയുടെ സംരക്ഷണം എന്നത് കേരളീയ സംസ്കാരത്തിന്റെ സംരക്ഷണം തന്നെയാണ്.
കേരളത്തിലെ ആവാസവ്യവസ്ഥയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാവുന്ന പശ്ചിമഘട്ട മലനിരകൾക്കുണ്ടാവുന്ന പരിക്കുകളും, നദികളുടെ വൃഷ്ടിപ്രദേശങ്ങളിൽ ഉണ്ടാവുന്ന വനനശീകരണവും, തണ്ണീര്‍ത്തടങ്ങളുടെ ഭീമമായ ശോഷണവും, നദികളിലെ മണല്ഖനനങ്ങൾ ഉണ്ടാക്കുന്ന ആഘാതവും, തകരുന്ന നമ്മുടെ ജലവ്യൂഹവും അതിന്റെ പരിണതഫലങ്ങളും, അവതാളത്തിലായിരിക്കുന്ന മലയാളിയുടെ കൃഷിയും, ഭക്ഷ്യവിളകളുടെ ശോഷണവും ഒക്കെ ആഴത്തിൽ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഇവയുൾപ്പെടെയുള്ള നിരവധി പാരിസ്ഥിതികമായ തകര്ച്ചകൾ കേരളത്തിൽ വസിക്കുന്ന ഒരു ജനതയുടേയും അവരുടെ വരുംതലമുറകളുടേയും ജീവിതത്തെ അപരിഹാര്യമാം വിധം ദുര്‍ബലപ്പെടുത്തും എന്ന തിരിച്ചറിവാണ് സമഗ്രമായ ഈ പഠനം നല്‍കുന്നത്. നിബിഡ വനങ്ങള്‍ അപ്രത്യക്ഷമായ, ഇടിച്ചു നിരത്തപ്പെട്ട പശ്ചിമഘട്ട നിരകൾ തടയാനില്ലാത്തതുകൊണ്ട് മഴതരാതെ കടന്നുപോകുന്ന മണ്‍സൂൺ കാറ്റുകളും, ഓര്മയായേക്കാവുന്ന കര്‍ക്കിടമഴയും തുലാവര്‍ഷവും, ഉണങ്ങിവരണ്ട പെരിയാറും, പമ്പയും ഒക്കെ ചേര്‍ന്ന് മനുഷ്യ ജീവിതം അസാധ്യമാക്കുന്ന ഒരു ഭാവി കേരള ഭൂപ്രദേശം വെറും ഭാവനാത്മകമല്ല. അനിയന്ത്രിതമായ രീതിയിലുള്ള ലാഭക്കൊതിയുടെ അസുരമേധത്തെ നിര്‍ബാധം തുടരാ൯ അനുവദിച്ചാൽ അത് യാഥാര്‍ത്ഥ്യമാവുകതന്നെ ചെയ്യും. ഈ ആശങ്കയില്‍ നിന്നാണ് പരിസ്ഥിതിയുടെ സംരക്ഷണത്തിനായുള്ള കാഹളം മുഴങ്ങുന്നത്. പ്രകൃതിയുടെ വിവേകപൂ൪ണമായ ഉപഭോഗവും, സംരക്ഷണവും നമ്മുടെ വികസന വഴികളെ നിര്‍ണയിക്കുന്നതിലും പരിസ്ഥിതി പരിപ്രക്ഷ്യം രൂപപ്പെടുത്തുന്നതിലും പ്രധാന പങ്കു വഹിക്കേണ്ടതുണ്ട് എന്ന മുറവിളികൾ ഉയരുന്നതും നമ്മുടെ ജീവിതത്തെ നിര്‍ണയിക്കുന്നതിൽ പ്രകൃതിയുടെ അഭേദ്യമായ ഈ പങ്കിനെക്കുറിച്ചുള്ള തിരിച്ചറിവിൽനിന്നാണ്.
അതിനര്‍ത്ഥം പക്ഷെ തോടും, റോഡും, റെയിലും, പശ്ചാത്തല സൌകര്യങ്ങളും, സമയവും ദൂരവും കൈപ്പിടിയിലൊതുക്കുന്ന ആധുനിക സാങ്കേതിക സങ്കേതങ്ങളും ഒന്നുമില്ലാത്ത ജീവിതത്തിലേക്ക് തിരിഞ്ഞു നടക്കുക എന്നതല്ല. പുരോഗതിയിലേക്കുള്ള വികസനപാത സുസ്ഥിരമാവുന്നവിധം പ്രകൃതിയെ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് പുരോഗമന പരിസ്ഥിതി പരിപ്രേക്ഷ്യത്തിന്റെ കാതൽ. ഒരു ചെറിയ വിഭാഗത്തിന്റെ അമിത ലാഭാ൪ത്തി, മുഴുവ൯ സമൂഹത്തിന്റെയും ജീവിതസുരക്ഷയെ അപകടത്തിലാക്കുന്നവിധം പാരിസ്ഥിതിക തകര്‍ച്ചയിലേക്ക് നയിക്കുന്നതിനെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും വീണ്ടെടുക്കുകയും ചെയ്യുന്നതിനുള്ള നിരന്തരമായ ഇടപെടുലുകള്‍ അത്തരമൊരു പാരിസ്ഥിതിക സമീപനത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുന്നു.
ഈ ഭൂമിയും, അതിലെ സകലമാന ജന്തുജാലങ്ങളും സസ്യവൈവിധ്യങ്ങളും ഒക്കെപ്പോലെത്തന്നെ മനുഷ്യ൯ കൂടി ഉള്‍ക്കൊള്ളുന്നതാണ് പ്രകൃതി. അതായത് പ്രകൃതിയും മനുഷ്യനും ശത്രുപക്ഷത്തു നില്ക്കുന്ന രണ്ടു വിപരീത ധ്രുവങ്ങളല്ല. പ്രകൃതിയില്ലാതെ മനുഷ്യനില്ല, മനുഷ്യനില്ലാത്ത പ്രകൃതിയിൽ അവന് താൽപര്യമുണ്ടാവേണ്ട കാര്യവുമില്ല. മനുഷ്യന് ഉത്പാദന പ്രവര്‍ത്തനത്തിൽ ഏര്‍പ്പെടാതെ ജീവിക്കാനാവില്ല. ആ പ്രവര്‍ത്തനത്തിനുള്ള ഉപാധിയാവട്ടെ പ്രകൃതിയുമാണ്. മനുഷ്യന് അവന്റെ അടിസ്ഥാന ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്തുന്നതിനുള്ള ഉല്‍പ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്നത് പ്രകൃതിയിൽ പ്രവ൪ത്തിച്ചുകൊണ്ടാണ്.
പ്രസിദ്ധമായ മാസ്ലോവിന്റെ പിരമിഡ് മാതൃക ചിത്രീകരിക്കുന്നതുപോലെ മനുഷ്യന്റെ ആവശ്യങ്ങൾ അടിസ്ഥാന ആവശ്യങ്ങള്‍ക്കും അപ്പുറത്ത് സാമൂഹ്യ സുരക്ഷയും, അതിനും മുകളില്‍ നിരന്തരം സ്വയം ആവിഷ്കരിക്കാനും സ്വന്തം കഴിവിന്റെ പരമാവധി സാക്ഷാത്കരിക്കാനുമുള്ള അദമ്യമായ അഭിവാഞ്ജയും കൂടി അടങ്ങുന്നതാണ്. ഈ ആവശ്യങ്ങൾ തന്നെ സ്ഥായിയായി ഒരു മാറ്റവുമില്ലാതെ നിലനില്ക്കുകയല്ല. ഇന്നിന്റെ ആവശ്യങ്ങൾ ഇന്നലത്തേതിൽ നിന്നും വ്യത്യസ്തവും വിപുലവുമാണ്. അതുകൊണ്ട് ഇന്നലെ മനുഷ്യന് ജീവിച്ച രീതിയിൽ തന്നെ ഇന്നും നാളെയും ജീവിക്കണം എന്ന് ശാഠൃ൦ പിടിക്കുന്നത് യുക്തിസഹമല്ല. മനുഷ്യ൯ അവന്റെ ജീവിതനിലവാരം ഉയ൪ത്തുന്നതിനായി ഉത്പാദന ഉപാധികൾ കൂടുതൽ സങ്കീര്‍ണവും ഫലപ്രദവും കാര്യക്ഷമവും ഒക്കെ ആക്കാ൯ നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കും. ഇതാകട്ടെ പ്രകൃതിയിൽ പ്രതിപ്രവ൪ത്തിച്ചും അതിൽ ആവശ്യാനുസരണം മാറ്റങ്ങൾ വരുത്തിയും ഒക്കെ ആയിരിക്കുകയും ചെയ്യും.
മനുഷ്യചരിത്രത്തിന്റെ ഭൂരിഭാഗം കാലയളവും മനുഷ്യ൯ പരിസ്ഥിതിയെ പരിക്കേല്‍പ്പിക്കാതെ ജീവിച്ചിരുന്നു എന്ന് പറയുമ്പോൾ നാമറിയേണ്ടത്, അതൊരു ബോധപൂര്‍വമായ പ്രവര്ത്തനമായിരുന്നില്ലെന്നും മറിച്ച് അത് അന്നത്തെ മനുഷ്യന്റെ പരിമിതിയുടെ പ്രതിഫലനമായിരുന്നു എന്നുകൂടിയാണ്. പ്രപഞ്ചത്തെക്കുറിച്ചുള്ള ധാരണ വികസിക്കുന്നതിന് അനുസൃതമായി പ്രകൃതിയെ എങ്ങനെ സ്വന്തം അതിജീവനത്തിനും ജീവിതനിലവാരത്തിന്റെ ഉന്നതിക്കുമായി ഉപയോഗപ്പെടുത്താം എന്നുകൂടിയാണ് മനുഷ്യ൯ കണ്ടെത്തുന്നത്. അനുയോജ്യമായ സാങ്കേതികവിദ്യയും പരിസ്ഥിതിയുടെ വിവേകപൂ൪ണമായ ഉപയോഗവും സംയോജിപ്പിക്കുന്ന സമീപനമാണ് മനുഷ്യന്റെ സുസ്ഥിരമായ വികസനത്തിന് ആവശ്യമായിട്ടുള്ളത് എന്ന തിരിച്ചറിവുകൂടി ഇതോടൊപ്പം ഉണ്ടാവണമെന്ന് മാത്രം.
ഓരോ കാലഘട്ടത്തിലും അതാതു കാലത്തെ മനുഷ്യ൯ അന്നുവരെ ആ൪ജിച്ചിട്ടുള്ള അറിവും ആ അറിവിന്റെ പ്രയോഗം സാദ്ധ്യമാക്കുന്ന സാങ്കേതികവിദ്യയും മനുഷ്യന്റെ ജീവിതരീതിയെ രൂപപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ ഒരു പരിധിക്കപ്പുറം വരും തലമുറകളുടെ ജീവിതരീതി എങ്ങിനെയായിരിക്കുമെന്ന് പ്രവചിക്കാനൊരുങ്ങുന്നത് അസംഗതമായിരിക്കും. ആ കാലത്തെ ഭൂപ്രകൃതിയേയും മനുഷ്യജീവിതത്തേയും കുറിച്ച് ഇന്ന് നാം ഉയര്‍ത്തുന്ന പല ആശങ്കകളും കാലാന്തരത്തിൽ തീര്‍ത്തും അസ്ഥാനത്തായി എന്നും വരാം. ഒരു നൂറ്റാണ്ടുമു൯പ് ജീവിച്ചിരുന്ന ഒരു തലമുറക്ക് പോലും ഒരിക്കലും വിഭാവനം ചെയ്യാ൯ കഴിയുമായിരുന്നില്ലാത്ത ജീവിതമാണ് ഇന്നിന്റെത്. അതുകൊണ്ട് വരുംകാല ജീവിതരീതികളെ ഇന്നിലിരുന്നുകൊണ്ട് പ്രവചിക്കാമെന്നും, അതിനായുള്ള ചട്ടക്കൂടുകൾ ഈ തലമുറക്ക് നിശ്ചയിക്കാം എന്നും കരുതുന്നത് ഭോഷ്കായിരിക്കും. ഇന്ന് നാം ഭാവിയിലേക്ക് എന്ന് കരുതി സംരക്ഷിച്ചുവെക്കുന്ന പലതും നാളെ ഒരു പക്ഷെ യാതൊരു ഉപയോഗവുമില്ലാത്തവയായിമാറി എന്നും വരാം. ഉദാഹരണത്തിന് എണ്ണയുടെ കാര്യമെടുക്കുക. ഇന്ന് ഗതാഗതത്തിന്റെ ജീവവായുവാണ് ഫോസിൽ ഇന്ധനങ്ങൾ. എന്നാല്‍ എണ്ണ കൊണ്ടോടുന്ന വാഹനങ്ങള്‍ക്കും മുന്‍പ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തന്നെ വൈദ്യുത വാഹനങ്ങൾ നിരത്തിലോടിയിരുന്നു എന്ന് നാം ഓര്‍ക്കണം. വിപുലമായ എണ്ണ ശേഖരം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഓട്ടോമൊബൈല്‍ വ്യവസായം എണ്ണയിലേക്ക് ദിശമാറിയത്. അത്തരമൊരു കണ്ടെത്തൽ സംഭവിച്ചിട്ടില്ലായിരുന്നു എങ്കിൽ എത്രയോ മുന്‍പ് തന്നെ വൈദ്യുത വാഹനങ്ങൾ നമ്മുടെ നിരത്തുകളില്‍ നിറയുമായിരുന്നു. എണ്ണയുടെ കണ്ടുപിടുത്തം മനുഷ്യസംസ്കാരത്തെ മുന്നോട്ടു നടത്തിയ വഴിയിലൂടെ ആവുമായിരുന്നില്ല അതില്ലായിരുന്നെങ്കിൽ നാം സഞ്ചരിക്കുമായിരുന്നത് എന്നര്‍ത്ഥം. ഇന്നിലിരുന്ന് നമ്മള് അടുത്ത അരനൂറ്റാണ്ട് കഴിയുമ്പോൾ വറ്റിപ്പോകുന്ന എണ്ണശേഖരത്തെക്കുറിച്ചും, ഭീതിതമായ ഒരു എണ്ണാനന്തരയുഗത്തെക്കുറിച്ചും ഒക്കെ ആശങ്കകളുയ൪ത്തുമ്പോൾ നാം ഓര്‍ക്കേണ്ടത് എണ്ണയേ ആവശ്യമില്ലാത്ത മറ്റൊരു വികാസവഴിയിലേക്ക് മനുഷ്യജീവിതം തിരിയാനുള്ള സാദ്ധ്യതകളെ നമുക്കിന്നിലിരുന്നു പ്രവചിക്കാനാവില്ല എന്നുകൂടിയാണ്.
ഹൈഡ്രജന്‍ ഇന്ധനത്തെ അടിസ്ഥാനമാക്കുന്ന സാങ്കേതികവിദ്യകളും, ന്യൂക്ലിയര്‍ ഫ്യൂഷ൯ ഓട്ടോമൊബൈല്‍ എഞ്ചിനുകളും ഒക്കെ എണ്ണാനന്തര യുഗത്തെക്കുറിച്ചുള്ള ഇന്നത്തെ ആശങ്കകളെ മൊത്തമായും അപ്രസക്തമാക്കി എന്നുവരാം. ഒരു നൂറ്റാണ്ടിനപ്പുറത്ത് നമ്മുടെ ഗതാഗതരീതി തന്നെ ഇന്നത്തേതുമാതിരി ആവണമെന്നേ ഇല്ല. പാചകവാതകത്തെക്കുറിച്ച് കേട്ടറിവില്ലാതിരുന്ന നാളുകളിൽ ഓരോ അടുക്കളയിലും ഉപയോഗിക്കപ്പെടുന്ന വിറകിന്റെ തൂക്കം കണക്കാക്കി കേരളത്തിലെ വനങ്ങള്‍ മുഴുവ൯ അപ്രത്യക്ഷമാവാനിടയുള്ള കാലയളവിനെക്കുറിച്ചുള്ള അന്നത്തെ കണക്കുകൂട്ടലുകൾ ഇന്നെത്ര പരിഹാസ്യമായി അനുഭവപ്പെടും എന്നാലോചിക്കുന്നത് കൌതുകകരമാവും. വരാനിരിക്കുന്ന ‘പാചകവാതകം’ എന്ന വിപ്ലവത്തേയും അതുണ്ടാക്കാ൯ പോകുന്ന സ്വാധീനത്തെപ്പറ്റിയും വിഭാവനം ചെയ്യാന്‍ സാദ്ധ്യമാവുകയില്ലായിരുന്ന ഒരു കാലത്ത് ‘വിറകെന്ന’ വിഭവത്തിന്റെ ഭാവിയിലേക്കുള്ള കരുതലിനെക്കുറിച്ചുള്ള അതിരുവിട്ട ആശങ്കകളെ പാചകവാതകം എന്ന ‘സാങ്കേതികവിദ്യ’ നിഷ്കാസിതമാക്കുമ്പോൾ ഒരു മു൯ തലമുറ ‘പരിഹാസ്യരായി’ നമ്മുടെ മുന്നില്‍ നില്ക്കും. അതുപോലെ നാം ഇന്ന് ഉയര്‍ത്തുന്ന അതിരുവിട്ട ആശങ്കകള്‍ ഒരു തലമുറക്കപ്പുറ൦ നമ്മുടെ ‘വിഡ്ഢിത്തമായി’ നമ്മെത്തന്നെ പരിഹസിച്ചുവെന്നും വരാം. നാം നഷ്ടപ്പെടുത്തിയ ഇന്നലെയിലെ വികസന അവസരങ്ങളെയോ൪ത്ത് തിരിഞ്ഞുനോക്കി കുണ്ഠിതപ്പെടുന്ന ഒരു നാളെയെ ആയിരിക്കും നാം അപ്പോൾ അഭിമുഖീകരിക്കുക. അതുകൊണ്ട് പാരിസ്ഥിതിക ആശങ്കകൾ യാഥാര്ത്ഥ്യബോധത്തിലധിഷ്ഠിതമാവണ൦.
വികാസത്തിന്റെ നൈരന്തര്യത്തെയും പരിണാമവഴികളെയും നിരാകരിക്കുന്ന പാരിസ്ഥിതിക പരിപ്രേക്ഷ്യങ്ങള്‍ അശാസ്ത്രീയവും മനുഷ്യന്റെ ജീവിതത്തെ ഗുണപരമായി മാറ്റിത്തീര്ക്കാ൯ കെല്പ്പില്ലാത്തതുമായിരിക്കും. പുരോഗതിയോ പരിസ്ഥിതിയോ, മനുഷ്യനോ പ്രകൃതിയോ, വികസനമോ വിരാമമോ, വേഗതയോ നിശ്ചലതയോ തുടങ്ങിയ ബൈനറികളിൽ തളച്ചിടപ്പെടുന്ന പരിസ്ഥിതിവാദം മൌലികവാദമാണ്. സമയബിന്ദുവില്‍ നിശ്ചലമായിക്കൊണ്ടല്ല മറിച്ച് മുന്നോട്ടുള്ള ഒഴുക്കിന്റെ നൈരന്തര്യത്തിലാണ് മനുഷ്യവംശം വികാസം പ്രാപിക്കുന്നത്. മനുഷ്യനില്ലാതെ കേരളവും ഈ ഭൂമിയും ഒക്കെ നൂറ് ശതമാനം നിബിഢവനവും നിറഞ്ഞൊഴുകുന്ന പുഴകളും ഉള്ളവയായിട്ട് നമുക്ക് പ്രത്യേകിച്ച് ഒരു കാര്യമൊന്നുമില്ല. നമ്മുടെ ആവാസവ്യവസ്ഥ നമുക്ക് (വരും തലമുറകള്‍ക്കും) സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്ന രീതിയിൽ സംരക്ഷിക്കപ്പെടുക എന്നതാണ് നമ്മുടെ ആവശ്യം. ഗുഹാജീവിതത്തിലേക്കും നായാടിജീവിതത്തിലേക്കും കാളവണ്ടിയുഗത്തിലേക്കുമുള്ള മടങ്ങിപ്പോക്ക് പരിസ്ഥിതിയെ ഒട്ടുമേ പരിക്കേല്‍പ്പിക്കാത്ത ആവാസ വ്യവസ്ഥ ഉണ്ടാക്കിയേക്കാ൦, അത്തരമൊരു വ്യവസ്ഥകൊണ്ട് മനുഷ്യന് പക്ഷെ പ്രയോജനമൊന്നുമില്ല. ഈ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയുന്ന പാരിസ്ഥിതിക സമീപനമാണ് പ്രായോഗികവും, പുരോഗമനപരവും.
Suresh Kodoor
Ph: 9845853362